മോളിവുഡിൽ റീ റിലീസ് കാലം തുടരുന്നു. 31 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘മണിച്ചിത്രത്താഴ്’ ആധുനിക സാങ്കേതികവിദ്യയായ 4k ഡോൾബി അറ്റ്മോസിലൂടെയാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.
ഫാസിൽ സംവിധാനം ചെയ്ത ചിത്രം സ്വർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും പുറത്തിറക്കുന്നത്. ഓഗസ്റ്റ് 17-ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു ചിത്രത്തിന്റെത്.
മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു.
ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളും ഹിറ്റായിരുന്നു.