ഡോ സണ്ണിക്ക് ആര്‍പ്പുവിളി, നാഗവല്ലിക്കും നകുലനും നിറഞ്ഞ കൈയടി; 'മണിച്ചിത്രത്താഴി'ന് വന്‍ ഡിമാന്‍ഡ്; കൂടുതല്‍ ഷോകളുമായി കേരളീയം

കേരളീയം പരിപാടിയില്‍ ആവേശമായി ‘മണിച്ചിത്രത്താഴ്’ സിനിമ. മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴ് തിയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ ഉച്ച മുതല്‍ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മണിച്ചിത്രത്താഴ് കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ എക്‌സ്ട്രാ ഷോകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ വിവിധ ഫാന്‍ പേജുകളിലും ഇത് അറിയിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക് പകരം എക്‌സ്ട്രാ മൂന്ന് ഷോകളാണ് കൈരളി, നിള, ശ്രീ എന്നീ തിയേറ്ററുകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

30 വര്‍ഷത്തിന് ശേഷമാണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിന് ഉള്‍പ്പടെ വന്‍ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നൂറ് വട്ടം കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്‌നെസ് തന്നെയാണ് ഇത്രത്തോളം ആളുകളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.

1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും നിറഞ്ഞാടിയപ്പോള്‍ നാഗവല്ലിയായി അസാധ്യ പ്രകടനം കാഴ്ചവച്ച് ശോഭനയും എത്തി.

Read more

ശോഭനയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് പെര്‍ഫോമന്‍സ് ആണ് മണിച്ചിത്രത്താഴിലേത്. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ഇതര ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. എന്നാല്‍ മണിച്ചിത്രത്താഴിനോളം മറ്റ് സിനിമകള്‍ക്ക് വിജയം നേടാനായിട്ടില്ല.