നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി പത്ത് മലയാള സിനിമകള്‍

കോളിവുഡില്‍ റീ റിലീസ് ചിത്രങ്ങള്‍ ഹിറ്റ് അടിച്ചതോടെ മോളിവുഡിലും ഇനി റീ റിലീസ് കാലം. ചന്തുവിനെയും മംഗലശ്ശേരി നീലകണ്ഠനെയും നാഗവല്ലിയെയും എല്ലാം പ്രേക്ഷകര്‍ക്ക് ഇനി തിയേറ്ററില്‍ കാണാം. ‘ഒരു വടക്കന്‍ വീരഗാഥ’, ‘മണിച്ചിത്രത്താഴ്’, ‘ദേവാസുരം’ ‘ആറാംതമ്പുരാന്‍’, ‘ദേവദൂതന്‍’ തുടങ്ങി പത്തോളം സിനിമകളാണ് റീ റിലീസിനെത്തുന്നത്.

എസ്. ക്യൂബ് ഫിലിംസാണ് ‘ഒരു വടക്കന്‍ വീരഗാഥ’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ വടക്കന്‍ വീരഗാഥ 35 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

31 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ‘മണിച്ചിത്രത്താഴ്’ നവകേരള സദസിന്റെ ഭാഗമായി തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലായ് 12നോ ഓഗസ്റ്റ് 17നോ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തും. മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും പുറത്തിറക്കുക.

സിനിമ ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ‘കാലാപാനി’, ‘വല്യേട്ടന്‍’, ‘ദേവാസുരം’, ‘ആറാംതമ്പുരാന്‍’, ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹന്‍ലാലിന്റെ ‘ദേവദൂതന്‍’ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഫോര്‍ കെ എഡിറ്റിങ്ങും ഡിഐ ജോലികളും കഴിഞ്ഞു.

ചിത്രം രണ്ടു-മൂന്നു മാസത്തിനുള്ളില്‍ തിയേറ്ററുകളിലെത്തും. അതേസമയം, കഴിഞ്ഞ വര്‍ഷം റീമാസ്റ്ററിങ് ചെയ്ത് മോഹന്‍ലാലിന്റെ ‘സ്ഫടികം’ തിയേറ്ററുകളില്‍ എത്തിയിരുന്നു. മൂന്ന് കോടിയോളം ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. ഇതാണ് നിര്‍മ്മാതാക്കളെ റീ റിലീസിന് പ്രേരിപ്പിക്കുന്നത്.

Read more