മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ചിത്രം. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ നൃത്തത്തിനും ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫി. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്.
രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.
ബി.കെ. ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിഷ്ണു ശര്‍മ. എഡിറ്റിംഗ് അപ്പു എന്‍. ഭട്ടതിരി. ജനുവരി 20ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.