ചിദംബരം സൃഷ്ടിച്ച മലയാളത്തിലെ ബെഞ്ച്മാർക്ക്; 'മഞ്ഞുമ്മലും' മലയാളത്തിലെ സർവൈവൽ- ത്രില്ലർ സിനിമകളും

കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ എപ്പോഴും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമകൾ എല്ലാ കാലത്തും ഭൂരിപക്ഷം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ സർവൈവൽ- ത്രില്ലർ ഴോണറുകളിൽ ലോക സിനിമയിൽ നിരവധി മികച്ച സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. ദി റെവനന്റ്, കാസ്റ്റ് എവേ, ജംഗിൾ, ലൈഫ് ഓഫ് പൈ, 127 അവേഴ്സ്, ട്രെയിൻ ടു ബുസാൻ തുടങ്ങീ നിരവധി സിനിമകൾ ഉദാഹരണമാണ്.

അത്തരത്തിൽ മലയാളത്തിലെ സർവൈവൽ- ത്രില്ലർ സിനിമകളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് ചർച്ചയാവുമ്പോൾ മലയാളത്തിലിറങ്ങിയ സർവൈവൽ- ത്രില്ലർ ചിത്രങ്ങളെ പറ്റിയും ചർച്ച നടക്കുന്നുണ്ട്. മുൻപും മലയാളത്തിൽ സർവൈവൽ ത്രില്ലർ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമയാണ് ഭരതൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മാളൂട്ടി. ബേബി ശ്യാമിലി, ജയറാം, ഉർവശി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ മൂടാതെ കിടന്നിരുന്ന കുഴൽകിണറിന്റെ കുഴിയിൽ വീഴുന്ന കുട്ടിയുടെയും അതിന്റെ രക്ഷാപ്രവർത്തനവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ പുതുശ്ശേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.

പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’ മലയാളത്തിലെ മികച്ചൊരു സർവൈവൽ- ത്രില്ലർ ചിത്രമായിരുന്നു. ഇറാഖിലെ യുദ്ധമുഖത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ രക്ഷാപ്രവർത്തനമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ പ്രകടനത്തിന് പാർവതിക്ക് ആ വർഷത്തെ ദേശീയ പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ചിത്രം ലഭ്യമാണ്.

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ പടർന്നുപിടിച്ച നിപ്പ വൈറസ് കാലത്തെ, മലയാളികളുടെ അതിജീവനം പ്രമേയമായി പുറത്തിറങ്ങിയ മറ്റൊരു സർവൈവൽ- ത്രില്ലർ ചിത്രമാണ് ആഷിക് അബു സംവിധാനം ചെയ്ത വൈറസ്. 2019-ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിമ കല്ലിങ്കൽ, പാർവതി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ആസിഫ് അലി, ദർശന രാജേന്ദ്രൻ, കുഞ്ചാക്കോ ബോബൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി, മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത സർവൈവൽ- ത്രില്ലർ ചിത്രമാണ് ‘ഹെലൻ’. ചിക്ക് ഹബ് എന്ന ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഹെലൻ, അവിടുത്തെ ഫ്രീസറിൽ കുടുങ്ങി പോവുന്നതും, തുടർന്ന് അതിന്റെയുള്ളിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളെ ആസ്പദമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ രണ്ട് സർവൈവൽ- ത്രില്ലർ ചിത്രങ്ങളാണ് മലയൻകുഞ്ഞ്, 2018 എവരിവൺ ഈസ് ഹീറോ എന്നീ സിനിമകൾ. സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത മലയൻകുഞ്ഞിൽ ഫഹദ് ഫാസിലായിരുന്നു നായകനായയെത്തിയത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദൂരന്തങ്ങളുടെ ഭീകരതയും അത്തരം അവസ്ഥകളിൽ മനുഷ്യർ കടന്നുപോവുന്ന നിസ്സഹായവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നു. മലയൻകുഞ്ഞും ആമസോൺ പ്രൈമിൽ ലഭ്യമാണ്.

2018-ൽ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് അന്താണി ജോസഫ് 2018 എവരിവൺ ഇസ് ഹീറോ എന്ന ചിത്രമൊരുക്കുന്നത്. രാഷ്ട്രീയപരമായി ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും പ്രളയത്തിൽ അതിജീവിച്ച കേരള ജനതയെ ഒരു പരിധിവരെ ഈ ചിത്രത്തിലൂടെ അടയാളപ്പെടുത്താൻ ജൂഡിന് സാധിച്ചിട്ടുണ്ട്. സോണി ലൈവിൽ ചിത്രം ലഭ്യമാണ്.

Latest Stories

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മൂന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ