ഷൂട്ടിങ് ആരംഭിക്കാതെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞ് പണം വാങ്ങി; സൗബിന്‍ കോടികള്‍ തട്ടിയെന്ന് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ സൗബിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് പൊലീസ് വീണ്ടും സൗബിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് സൗബിനെതിരെ കേസ് എടുത്തത്. നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി സിറാജില്‍ നിന്ന് ഏഴ് കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം പണമിടപാട് കരാറില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു ഇത്.

പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിയതോടെ സൗബിനും സംഘവും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് മുടക്കുമുതല്‍ മാത്രം സിറാജിന് തിരികെ നല്‍കി. കരാറില്‍ പറഞ്ഞ നാല്‍പത് ശതമാനം ലാഭം കൊടുത്തിട്ടില്ല. ആദായ നികുതി വകുപ്പ് സൗബിന്റെ നിര്‍മ്മാണ കമ്പനിയിലും വീട്ടിലും അടുത്ത ദിവസങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.