നിയന്ത്രിത സ്‌ഫോടനങ്ങളിൽ തകർന്നടിഞ്ഞ് മരടിലെ ഫ്‌ളാറ്റുകൾ. ഇന്നും നാളെയുമായി നിയന്ത്രിത സ്ഫോടനത്തിലൂടെ മരട് ഫ്ളാറ്റുകൾ പൂർണ്ണമായും നിലംപതിക്കും. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകളാണ് ഇന്ന് നിലം പൊത്തിയത്. മലയാള സിനിമയിലെ പ്രമുഖരുടെ ഫ്‌ളാറ്റുകൾ കൂടിയാണ് ഇന്ന് തകർന്നടിഞ്ഞത്.
നടൻ സൗബിൻ ഷാഹിർ, നടി ആൻ അഗസ്റ്റിൻ, സംവിധായകരായ ബ്ലെസി, മേജർ രവി എന്നിവർക്കും ഇവിടെ ഫ്‌ളാറ്റുകളുണ്ടായിരുന്നു. ഇന്ന് പൊളിച്ചു നീക്കിയ ഹോളി ഫെയ്ത്തിലും ആൽഫ സെറീനിലുമാണ് ഇവരുടെ ഫ്ളാറ്റുകൾ. ആദ്യം പൊളിച്ച് നീക്കിയ ഹോളി ഫെയ്ത്ത് എച്ച് 2ഒയിലായിരുന്നു സൗബിന്റെ ഫ്‌ളാറ്റ്.
ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി വിധി വന്നപ്പോൾ നടപടികളിൽ പ്രതിക്ഷേധിച്ച് ബ്ലെസിയും മേജർ രവിയും സൗബിനും രംഗത്തെത്തിയിരുന്നു. “”ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല”” എന്ന് ബ്ലെസി അന്ന് പ്രതികരിച്ചിരുന്നു.
“”ഇനിയും കുറേ കഷ്ടപ്പെട്ടാലെ ഇതിന്റെ ലോൺ അടയ്ക്കാൻ പറ്റൂള്ളു”” എന്ന് സൗബിൻ അന്ന് പറഞ്ഞിരുന്നു. നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.