ലോക സിനിമയിലെ ഏറ്റവും മികച്ച രണ്ട് നടന്മാരായ ലിയനാർഡോ ഡികാപ്രിയോയും റോബർട്ട് ഡി നിറോയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിഖ്യാത അമേരിക്കൻ സംവിധായകൻ മാർട്ടിൻ സ്കോർസസെയുടെ ഏറ്റവും പുതിയ ചിത്രം ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന സിനിമയുടെ റിലീസിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. ഐമാക്സിൽ ഒക്ടോബർ 20 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് നീട്ടിവെക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഐ മാക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയേൽ. നാളെയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ലിയോ റിലീസ് ആവുന്നത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു സിനിമകൾക്കും കിട്ടാത്ത പ്രീ റിലീസ് ഹൈപ്പാണ് ലിയോക്ക് നിലവിൽ കിട്ടികൊണ്ടിരിക്കുന്നത്.
ലിയോക്ക് ലഭിക്കുന്ന ഈ ഹൈപ്പ് തന്നെയാണ് കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ നീട്ടിവെക്കാനുള്ള പ്രധാന കാരണം. ഐ മാക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയേലിന്റെ എക്സ് പോസ്റ്റിൽ ലിയോയെ പറ്റിയുള്ള പരാമർശവുമുണ്ട്.
23 ഐ മാക്സ് സ്ക്രീനുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. ഐ മാക്സ് ഫോർമാറ്റിലും ലിയോ പ്രദർശനത്തിന് എത്തുന്നുണ്ട്. ഒക്ടോബർ 20 നു നിശ്ചയിച്ചിരുന്ന കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിന്റെ റിലീസ് ഒക്ടോബർ 27 ലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
മാർട്ടിൻ സ്കോർസസെയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്നാണ് നിരൂപകർ പറയുന്നത്. കൂടാതെ ലിയനാർഡോ ഡികാപ്രിയോയുടെ മികച്ച പ്രകടനവും ചിത്രത്തിൽ കാണാൻ കഴിയുമെന്നാണ് ലോക സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
അതേസമയം ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വൻ ഹൈപ്പാണ് നിലവിലുള്ളത്. മാസ്റ്ററിന് ശേഷം ഈ കൂട്ടുക്കെട്ടിലെ രണ്ടാമത്തെ സിനിമയാണ് ലിയോ. പതിനാല് വർഷങ്ങൾക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അർജുൻ, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പൻ താരനിരയാണ് ലിയോയിൽ ഉള്ളത്.