'സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്'; റിമയെ വിമര്‍ശിച്ച് മായ മേനോന്‍

തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിനെ വിമര്‍ശിച്ച് നടി മായ മേനോന്‍. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മായ പറഞ്ഞു. പൂരത്തില്‍ പങ്കെടുപ്പിക്കാതെ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ലെന്നും ഒരിക്കലും പൂരത്തിന് പോയിട്ടില്ലെന്നാണ് റിമയുടെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നതെന്നും മായ കുറിപ്പില്‍ പറഞ്ഞു.

“വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം, (ന്യൂസ്) റിമ കല്ലിങ്കല്‍. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ ശരിയായ ഒരു തൃശൂര്‍കാരിയാണെങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു.”

“കാരണം, അവിടെ എത്ര പുരുഷന്മാര്‍ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും, അവിടെ പോകാത്ത സ്ത്രീകള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു മാത്രം പോകാത്തത് മാത്രമായിരിക്കും. അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങള്‍ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു. അതിനാല്‍ നിങ്ങള്‍ ദയവായി അറിയാത്ത അത്തരമൊരു കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നതാകും നല്ലത്.” മായ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Read more

നേരത്തെ ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് അഭിപ്രായപ്പെട്ടത്. “തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്.” റിമ അഭിമുഖത്തില്‍ പറഞ്ഞു.