മീ ടൂ ; വനിതാ കൗണ്‍സിലിന് പരാതി നല്‍കി, മനേക ഗാന്ധിക്ക് ട്വീറ്റ് ചെയ്തു; വൈരമുത്തുവിനെതിരെ നിയമനടപടിയുമായി ഗായിക ചിന്മയി

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുന്നയിച്ച ഗായിക ചിന്മയി ശ്രീപദ ദേശീയ വനിതാ കൗണ്‍സിലിനു പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചിന്മയി സ്ഥിരീകരിച്ചത്. ദേശീയ കൗണ്‍സില്‍ മുമ്പാകെ ഔദ്യോഗികമായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തിന് പരിഹാരം തേടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കും ഗായിക ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആരോപണങ്ങളുന്നയിച്ചത് നാലുമാസം മുമ്പാണെന്നും അന്നു മുതല്‍ തമിഴ് സിനിമാമേഖല തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നും ചിന്മയി പറയുന്നു. തന്റെ അനുഭവം കണ്ട് പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും പിന്‍വാങ്ങി. ഇനി താനെന്താണ് ചെയ്യേണ്ടതെന്നും ചിന്മയി ചോദിക്കുന്നു.

Read more

ചിന്മയിയുടെ പരാതി ശ്രദ്ധയില്‍ പെട്ട മനേക ദേശീയ വനിതാ കമ്മീഷനുമായി കേസ് ലിങ്ക് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെടേണ്ട വിവരങ്ങള്‍ കൂടി പങ്കുവെയ്ക്കണമെന്നും ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ മന്ത്രിക്കു കൈമാറിയെന്ന് ചിന്മയി ട്വീറ്റ് ചെയ്തു. തമിഴ് സിനിമകളില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്കിനെതിരെ നേരത്തെ തന്നെ വിശാലിനു കത്തയച്ചിരുന്നുവെന്നും ചിന്മയി പറയുന്നു.