ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യയാണെന്ന് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് നടി റിയ ചക്രവർത്തി. എല്ലാവശവും സൂക്ഷ്‌മമായി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ച സിബിഐയ്ക്ക് നന്ദി അറിയിക്കുന്നതായി റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദേ പ്രസ്‌താവനയിൽ അറിയിച്ചു.
മാധ്യമങ്ങൾ വാർത്ത കൈകാര്യം ചെയ്‌ത രീതിയെ അഭിഭാഷകൻ വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ചേർന്ന് വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടത്തി. നിരപരാധികളെ വേട്ടയാടി. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ദുരിതങ്ങളിലൂടെയാണ് റിയയും കുടുംബവും കടന്നുപോയതെന്നും പ്രസ്‌താവനയിൽ പറയുന്നു.
നടൻ സുശാന്ത് സിങിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് മുംബൈ കോടതിയിലാണ് സിബിഐ സമർപ്പിച്ചത്. നടന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് സിബിഐ റിപ്പോർട്ട്. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്. കാമുകിയും നടിയുമായ റിയാ ചക്രവർത്തി പണംതട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് രംഗത്തെത്തിയതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.
Read more
2020 ജൂൺ 14ന് ആണ് മുപ്പത്തി നാലുകാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ.