ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ മീ ടൂ ആരോപണ വിധേയനായ സംഗീത സംവിധായകന്‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മീഷന്‍. രണ്ടു വര്‍ഷം മുമ്പ് യുവതികള്‍ പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു സിനിമാ ലോകത്തുനിന്നും മാറി നിന്ന അനു മാലിക് അടുത്തിടെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് എതിര്‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു.
പരാതിക്കാരി തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും കേസുമായി സഹരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഇപ്പോള്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്. പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്‌റോ,നേഹാ ഭാസിന്‍ എന്നിവരും നിര്‍മ്മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്.
സോനയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അനു മാലിക്കിനെതിരെ കേസ് എടുക്കുകയും ചെയ്തത്. പക്ഷേ സോനയുമായി ബന്ധപ്പെട്ടപ്പോള്‍ യാത്രയിലാണെന്ന മറുപടിയാണു കിട്ടിയതെന്നു വനിതാ കമ്മീഷന്‍ അധികൃതര്‍ പറയുന്നു. 45 ദിവസം തങ്ങള്‍ കാത്തിരുന്നെന്നും പക്ഷേ പരാതിക്കാരി നേരിട്ടു വരികയോ തെളിവുകള്‍ ഹാജരാക്കുകയോ കൂടുതല്‍ പരാതി ഉന്നയിക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു.