ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനോട് സംവിധായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ‘കണ്ണൂരിന്റെ കാവിപ്പട’ എന്ന ഫെയ്‌സ്ബുക്ക് പേജ്.
സേവാഭാരതി എന്ന് എഴുതിയ ആംബുലന്‍സില്‍ നിന്നും മോഹന്‍ലാല്‍ ഇറങ്ങുന്ന ചിത്രം പങ്കുവച്ചാണ് ഫെയ്‌സ്ബുക്ക് പേജിലെ പ്രതികരണം. ”15 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ മഹാസമുദ്രം സിനിമയിലെ ഒരു രംഗം. അന്നും സേവാഭാരതി ഇവിടെ ഉണ്ട്, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. അന്നില്ലാത്ത ചിലത് ഇന്നുണ്ട് അതിനെ ഈ നാട് കരുതിയിരിക്കുക” എന്നാണ് കുറിപ്പ്.
നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ”മേപ്പടിയാന്‍ സിനിമ കണ്ടിട്ട് ഇതാണ് നിങ്ങള്‍ കുഴപ്പം കാണുന്നതെങ്കില്‍… ഞങ്ങള്‍ക്ക് ഇത് അഭിമാനമാണ്” എന്ന് ചിലര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ശബരിമലക്ക് പോകുന്ന സീന്‍ പങ്കുവച്ച് ”ദുല്‍ഖറിന് ആവാം ഉണ്ണിക്ക് ആയിക്കൂടാ” എന്ന കമന്റുകളും പ്രചരിക്കുന്നുണ്ട്.
അതേസമയം, ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും സേവാഭാരതി ആംബുലന്‍സ് ഫ്രീയായി തന്നതു കൊണ്ടാണ് ഉപയോഗിച്ചതെന്നും സംവിധായകന്‍ വിഷ്ണു മോഹന്‍ പ്രതികരിച്ചിരുന്നു. സേവാഭാരതിയുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ആവശ്യം തോന്നിയില്ല.
കോട്ടയം ടൗണിലേക്ക് ഇറങ്ങി നിന്നാല്‍ ഒരു മണിക്കൂറിനകം ചുരുങ്ങിയത് രണ്ടു സേവാഭാരതി ആംബുലന്‍സുകള്‍ എങ്കിലും പോകുന്നത് കാണാന്‍ സാധിക്കും. പിന്നെ, ഈ ഷൂട്ട് നടന്നത് ആദ്യ ലോക്ഡൗണിനു ശേഷമുള്ള കാലത്തായിരുന്നു. ഷൂട്ടിനു വേണ്ടി ആംബുലന്‍സുകള്‍ ലഭിക്കാന്‍ പ്രയാസം നേരിട്ടു.
വലിയ തുക വാടകയും അവര്‍ ചോദിച്ചിരുന്നു. ആ സമയത്താണ് സേവാഭാരതി തനിക്ക് ഫ്രീയായി ആംബുലന്‍സ് വിട്ടു തന്നത്. ഡ്രൈവര്‍ക്കുള്ള പണം മാത്രം കൊടുത്താല്‍ മതിയെന്നു പറഞ്ഞു. ആ ആംബുലന്‍സാണ് സിനിമയില്‍ ഉപയോഗിച്ചത്.
Read more
അതിന്റെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. സേവാഭാരതി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അവരുടെ ആംബുലന്‍സുകള്‍ കേരളത്തില്‍ സജീവമാണ്. അതുപയോഗിച്ചതില്‍ എന്താണ് ഇത്ര തെറ്റ് എന്നാണ് സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.