ഷാജി എന്ന് പേരുള്ള വ്യത്യസ്തരായ മൂന്നുപേര്‍ കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച്ച അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വിശേഷങ്ങളും പ്രശ്‌നങ്ങളുമാണ് ഹിറ്റ് സംവിധായകന്‍ നാദിര്‍ഷയുടെ മേരാ നാം ഷാജി പറയുന്നത്. ബിജു മേനോനും ആസിഫ് അലിയും ബൈജുവും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. കോഴിക്കോട് സ്വദേശി ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിക്കാരന്‍ ഷാജിയായി ആസിഫും എത്തുമ്പോള്‍ തിരുവനന്തപുരം ഷാജിയായി എത്തുന്നത് ബൈജു സന്തോഷാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബൈജു നായകനാവുന്ന ചിത്രമെന്ന സവിശേഷത കൂടിയുണ്ട് “മേരാ നാം ഷാജി”ക്ക്.
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ആസിഫിന്റെ ജോഡിയായാണ് നിഖില എത്തുന്നത്. ആസിഫിന്റെ കഥാപാത്രം കൊച്ചിക്കാരന്‍ ഷാജിയുടെ കൂട്ടാളിയായി ശ്രീനിവാസനും ചിത്രത്തിലുണ്ട്. ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.
ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നന്‍ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോണ്‍കുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമില്‍ മുഹമ്മദുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.