ടൊവിനോ തോമസ് ചിത്രം “മിന്നല്‍ മുരളി”യുടെ ചിത്രീകരണത്തിനായി ആലുവ ക്ഷേത്രത്തിന്റെ സ്ഥലത്ത് പണിത ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റി. അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്ത സെറ്റാണ് കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം പൊളിച്ചു മാറ്റിയത്.
കാലവര്‍ഷം തുടങ്ങിയതിനാല്‍ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാനായാണ് മാര്‍ച്ചില്‍ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകര്‍ സെറ്റ് പൊളിച്ചത്.
സംഭവത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയാണ്. മലയാളസിനിമാലോകം മുഴുവന്‍ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിര്‍ത്തത്. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കിയിരുന്നു.