മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമുമൊക്കെ ഇനി പഴങ്കഥ; നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പട്ടികയില്‍ ഒന്നാമത് മിന്നല്‍ മുരളി തന്നെ

നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി. ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ആ ദിവസം മുതലെ ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക് എന്നിവയാണ് മിന്നല്‍ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്. നെറ്റ്ഫ്ലിക്സാണ് പട്ടിക പുറത്തുവിട്ടത്. സൂപ്പര്‍ഹിറ്റ് സീരീസുകളായ മണി ഹീസ്റ്റിനെയും സ്‌ക്വിഡ് ഗെയിമിനെയുമൊക്കെ പിന്തള്ളിയാണ് മിന്നല്‍ മുരളി പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

Read more

വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.