നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡല്‍ തനൂജയും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി തനൂജ രംഗത്ത്. ഒത്തുപോകാന്‍ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞത്. രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടായി. ഷൈന്‍ തന്നെയും താന്‍ ഷൈനിനെയും മിസ് ചെയ്യുന്നുണ്ട്. പക്ഷെ തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് ഒന്നര മാസമായി. മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന കഥകള്‍ കേട്ട് ഷൈനും കുടുംബവും തന്നെ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹമുണ്ടെന്നും തനൂജ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ ലൈവില്‍ എത്തിയായിരുന്നു തനൂജ ബ്രേക്കപ്പ് ആയതിനെ കുറിച്ച് പറഞ്ഞത്. പിന്നാലെ ഒരു അഭിമുഖത്തില്‍ ഷൈനും ഇത് ശരിവച്ച് രംഗത്തെത്തിയിരുന്നു.
തനൂജയുടെ വാക്കുകള്‍:
ഞാന്‍ ലൈവില്‍ ഇടയ്ക്ക് വരുന്നതാണ്. ഒരുദിവസം നോക്കിയപ്പോള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന് എതിരായി ന്യൂസ് ആയി വരുന്നു. ഞാന്‍ യൂട്യൂബില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് രണ്ടു പേരെയും കൊണ്ട് നടക്കാന്‍ പറ്റുന്നില്ല എന്നൊക്കെ ഒരു വീഡിയോ കിടക്കുന്നു. ആള്‍ക്കാര്‍ അത് ഷൈന്‍ ചേട്ടനെ കുറിച്ചാണെന്ന് ചിന്തിക്കും. ഞാന്‍ അതാണ് ലൈവില്‍ വന്നത്. ലൈവില്‍ ആളുകള്‍ ഷൈന്‍ എവിടെ ബ്രേക്കപ്പ് ആയോ എന്നൊക്കെ ചോദിക്കുന്നു. അതിനൊന്നും ഞാന്‍ മറുപടി കൊടുത്തിട്ടില്ല. ഒടുവില്‍ സഹികെട്ടാണ് ഞാന്‍ പറഞ്ഞത് ആ ടോപ്പിക്ക് ഞാന്‍ വിട്ടതാണ് എന്ന്. ഷൈന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കി പോകുന്നു ഞാന്‍ എന്റേതും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് തമ്മില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കില്‍ വന്നിട്ട് പറയാന്‍ പറ്റില്ല.
ഞാന്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്ന ആളാണ്. പിന്നെയും എന്റെ ഫ്രണ്ട്‌സിനോടെ ഞാന്‍ പറയൂ. ഷൈന്‍ ചേട്ടന്റെ മനസില്‍ അദ്ദേഹത്തെപ്പറ്റി ഞാന്‍ ഇങ്ങനെ പറഞ്ഞു എന്നൊക്കെ ഒരു ഫീലിംഗ് ഉണ്ടാകുന്നത് എനിക്ക് സഹിക്കില്ല. ലൈവില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. എനിക്ക് ഒന്നും ഉള്ളില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. എന്റെ ഉമ്മ പറഞ്ഞു ഞാന്‍ അന്നേ പറഞ്ഞതല്ലേ എന്ന്. ഞാന്‍ പറഞ്ഞത് ഷൈന്‍ ചേട്ടനെപ്പറ്റി അല്ല, അത് എന്റെ രണ്ട് സുഹൃത്തുക്കളെപ്പറ്റി ആണ്, അവര്‍ പോയ ഷോക്ക് എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. അത് ഭയങ്കര സങ്കടമാണ് ഇപ്പോഴും. ലൈവില്‍ ഞാന്‍ സുഹൃത്തുക്കളെപ്പറ്റി പറഞ്ഞത് ഷൈന്‍ ചേട്ടനാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തില്‍ യൂട്യൂബ് ചാനലില്‍ കണ്ടന്റ് ഇടുകയാണ്. ഞാന്‍ ഷൈന്‍ ചേട്ടനെ പറ്റി അല്ല പറഞ്ഞത്. കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് ആള്‍ക്കാര്‍ ഇങ്ങനെ കഥ മെനയുന്നത്.
ഷൈന്‍ ചേട്ടനെപ്പറ്റി ഞാന്‍ അങ്ങനെഒന്നും പറയില്ല. അദ്ദേഹം എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്റര്‍വ്യൂവില്‍ പോലും എന്നെപ്പറ്റി പറഞ്ഞിട്ടില്ല. ഞാന്‍ പിന്നെ എങ്ങനെയാണ് ആളെ മോശമാക്കി പറയുന്നത്? ആളെക്കൊണ്ട് എനിക്ക് ഉപകാരങ്ങളേ ഉണ്ടായിട്ടുള്ളൂ. അവരുടെ കുടുംബം എന്നെ തെറ്റിദ്ധരിക്കരുത്. അവര്‍ എന്നെ പൊന്നുപോലെ ആണ് നോക്കിയിട്ടുള്ളത്. ആ കാരണം കൊണ്ടാണ് ഞാന്‍ ഈ ഇന്റര്‍വ്യൂവില്‍ വന്നത്. ഞങ്ങള്‍ ബ്രേക്കപ്പ് ആയി, പക്ഷെ ഉള്ളില്‍ എപ്പോഴും അദ്ദേഹം ഉണ്ടാകും. ഞങ്ങള്‍ക്കിടയില്‍ എന്താണ് ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പെട്ടെന്ന് കോണ്‍ടാക്റ്റ് കട്ട് ചെയ്തു പോയി, അതിന്റെ കാരണം എനിക്ക് ഇപ്പോഴും അറിയില്ല. എന്താണ് കാരണം എന്നറിയാന്‍ വേണ്ടി ഞാന്‍ ഷൈനിനെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്.
ആള്‍ക്ക് എപ്പോഴും പ്രധാനം സിനിമയാണ്. സിനിമ ചെയ്യണം ചെയ്യണം എന്ന ഒരു വിചാരമേ മനസ്സില്‍ ഉള്ളു. ഞങ്ങള്‍ തമ്മില്‍ അടി ഉണ്ടാക്കുമ്പോള്‍ ചേട്ടന്‍ ഒരുപാട് ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ ഒരു ബുദ്ധിമുട്ട് കാരണം ആയിരിക്കാം ഇങ്ങനെ പോയത് എന്ന് ഞാന്‍ കരുതുന്നു. ചേട്ടന്‍ ഒരു റിലേഷന് പറ്റിയ ആളല്ല എന്ന് ചേട്ടന്‍ തന്നെ പറയുന്നത് കേട്ടു. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്നെ അത്രമാത്രം നോക്കിയിട്ടുണ്ട്. ചിലപ്പോ വഴക്കുണ്ടാകും എന്നല്ലാതെ എന്നെ ഒരുപാട് കെയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെ പോയത് എന്താണെന്ന് എനിക്ക് അറിയില്ല. ചേട്ടന് എപ്പോഴും ഞാന്‍ കൂടെ വേണമായിരുന്നു. ഇടക്ക് ഞാന്‍ അവിടെ നിന്ന് മാറി സുഹൃത്തുക്കളോടൊപ്പം പോകാറുണ്ടായിരുന്നു, അപ്പൊ ആള്‍ക്ക് വിഷമം വരും അതിന്റെ പേരില്‍ ഒക്കെയാണ് ചില പ്രശ്‌നങ്ങള്‍ വന്നിട്ടുള്ളത്. സുഹൃത്തുക്കളെ ഒരുപാട് വിശ്വസിച്ച ആളാണ് ഞാന്‍, ഒരു അടി കിട്ടുമ്പോഴേ ഞാന്‍ അപ്പൊ അത് വേണ്ടായിരുന്നു എന്ന് മനസിലാക്കൂ. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും അതാണ് എനിക്ക് പറ്റിയത്.
ഒരു വ്യക്തിയുമായി ഒത്തുപോകാന്‍ പറ്റില്ല എങ്കില്‍ വിവാഹത്തിന് മുന്നേ ആ ബന്ധം നിര്‍ത്തുന്നതാണ് നല്ലത്. എന്തിനാണ് വെറുതെ ഒരു വിവാഹമോചനം സൃഷ്ടിക്കുന്നത്? നമുക്ക് തമ്മില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് ആദ്യമേ നോക്കിയത്. പറ്റില്ല എങ്കില്‍ ഇനി നിന്നിട്ട് കാര്യമില്ല. പക്ഷെ എനിക്ക് എന്നും ഒരു സുഹൃത്തായി ഷൈന്‍ അവിടെ ഉണ്ടാകും. ഞങ്ങള്‍ ഒരിക്കലും ശത്രുക്കള്‍ അല്ല. ഷൈന്‍ ചേട്ടനെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഇനി എന്നും അത് ഉണ്ടാകും. ഇപ്പൊ ആള് എവിടെ എന്ന് എനിക്ക് അറിയില്ല. ഞാന്‍ അക്കൗണ്ട് ഇടയ്ക്കിടെ പോയി നോക്കും ആള് എവിടെ എന്ന് അറിയാന്‍. ആള്‍ക്ക് എന്നെ മിസ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം, അത് ആള് തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അടി ഉണ്ടാക്കിയാലും വഴക്കിട്ടിട്ട് ആള് പോയാലും ഞാന്‍ രണ്ടു ദിവസം ഒക്കെ പിടിച്ചു നില്‍ക്കും.
അത് കഴിയുമ്പോ ആള് ഇപ്പോ എവിടെയാണ് എന്താണ് അവസ്ഥ എന്ന് ഒരു ടെന്‍ഷന്‍ വരും. എല്ലാവരും വിളിച്ച് ഷൈന്‍ എവിടെ എന്ന് എന്നോട് ചോദിക്കും അതിന് ഉത്തരം കൊടുക്കണമല്ലോ. ഞാന്‍ ഇപ്പോഴും ഓക്കേ അല്ല, ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ ലൈവില്‍ വന്ന് ആള്‍ക്കെതിരെ പറഞ്ഞു എന്നും പൊട്ടിക്കരഞ്ഞു എന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഷൈന്‍ ചേട്ടന്‍ അങ്ങനെ തെറ്റിദ്ധരിക്കാന്‍ പാടില്ല കാരണം ഞങ്ങള്‍ അങ്ങനെ തമ്മില്‍ കെയര്‍ ചെയ്തു ജീവിച്ചവരാണ്. ഓരോരുത്തര്‍ കമന്റ് ചെയ്യുന്നുണ്ട്, ശരിയാകില്ല എന്ന് അപ്പോഴേ പറഞ്ഞതല്ലേ എന്ന് ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇങ്ങനെ ഒക്കെയേ ആളുകള്‍ പറയൂ എന്ന് എനിക്ക് അറിയാം. ഈ കമന്റുകള്‍ ഒന്നും എന്നെ ബാധിക്കില്ല. എന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്നതില്‍ കൂടുതല്‍ ഒന്നുമല്ലല്ലോ കമന്റുകള്‍. എന്നെ ഒരുപാടുപേര്‍ സപ്പോര്‍ട് ചെയ്തു വരുന്നുണ്ട്.
ഞാനിപ്പോള്‍ ഉറങ്ങാറില്ല, കിടന്നാല്‍ ഉറക്കം വരില്ല, ഇനി എന്ത്, കുടുംബത്തോട് എന്ത് പറയും എന്നൊക്കെ ഉള്ള ചിന്തയാണ്. എന്റെ ഉമ്മ എന്നെ വിളിച്ച് സമാധാനിപ്പിക്കാറുണ്ട്. എന്റെ ഉമ്മ ആണ് എന്റെ ബെസ്‌റ് ഫ്രണ്ട്. ഷൈന്‍ ആയിട്ടുള്ള ബന്ധം ഉണ്ടായപ്പോഴും നീ ചിന്തിച്ചിട്ട് വേണ്ടത് ചെയ്യൂ എന്നാണു പറഞ്ഞത്. അവിടെയും ഇവിടെയും കേട്ട കാര്യങ്ങള്‍ വച്ച് ഒരാളെ ജഡ്ജ് ചെയ്യരുത്. ഒരാളെ കുറിച്ച് അറിയണമെങ്കില്‍ അയാളോട് തന്നെ ചോദിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ റിലേഷനില്‍ മറ്റൊരു അബദ്ധം പറ്റിയത് ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടായി എന്നതാണ്. ഒരിക്കലും ഒരു ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാകരുത്. എന്തെങ്കിലും ഒരു തെറ്റ് പറ്റിയാലും അത് തമ്മില്‍ പറഞ്ഞു തീര്‍ക്കണം അല്ലാതെ മറ്റുള്ളവരെ വിട്ടിട്ടല്ല അത് തീര്‍ക്കേണ്ടത്. ഞങ്ങളുടെ ബന്ധത്തില്‍ മൂന്നാമത് ഒരാള്‍ ഇടപെട്ട് അത് വേറൊരു വഴിക്ക് കൊണ്ടുപോയി അത് വേറൊരു രീതിയില്‍ ആക്കിത്തീര്‍ത്തു. അങ്ങനെ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഈ ന്യൂസ് വന്നതിന് ശേഷം ഷൈന്‍ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. ഒന്നര മാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല മെസേജ് അയക്കുന്നുമില്ല.
പക്ഷേ ഞാന്‍ എവിടെയാണ് എനിക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം അറിയുന്നുണ്ട് എന്ന് എനിക്കറിയാം. അദ്ദേഹം എന്റെ സ്റ്റോറികള്‍ നോക്കാറുണ്ട്. ഞാനും അദ്ദേഹത്തെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് അതുമതി. ഷൈനും ഞാനും തമ്മില്‍ ഉള്ളത് ഞങ്ങള്‍ തമ്മില്‍ മാത്രം സംസാരിക്കേണ്ട കാര്യമാണ് മറ്റുള്ളവര്‍ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ല. എനിക്കിപ്പോ ആരും ഇല്ല, ഞാന്‍ ഒറ്റക്ക് ഇരുന്ന് ചിന്തിക്കാറുണ്ട് നിനക്ക് എന്താണ് പറ്റിയത് നീ എന്താണ് ഇങ്ങനെ ആയിപോയത് എന്ന്. ഞാന്‍ തന്നെ എന്നെ സമാധാനിപ്പിക്കാറുണ്ട്. ആശ്വാസം തേടി മറ്റുള്ളവരുടെ അടുത്ത് പോയാല്‍ നമുക്ക് പണി കിട്ടും. നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ. എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്ന് വരെ എനിക്ക് പണി കിട്ടിയിട്ടുണ്ട്. ജീവിതം ഇനിയും മുന്നോട്ട് കൊണ്ടു പോകണം, എന്റെ പഠനവും മോഡലിംഗുമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനം.