താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോഹന്‍ലാല്‍. കുട്ടികള്‍ക്കായി താനൊരുക്കുന്ന ചിത്രമാണിതെന്നും പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേല്‍ അമര്‍ഗോയും പ്രധാന വേഷങ്ങളിലെത്തുമെന്നും മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഇന്ത്യ, പോര്‍ച്ചുഗല്‍, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള പൗരാണിക വ്യാവസായിക ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
“ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍” ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമ 3ഡി ചിത്രമായിരിക്കും.
നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണു ചിത്രത്തില്‍ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവ്. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.