40 വര്‍ഷം മുമ്പ് ഉപയോഗിച്ച ടെക്‌നിക്കുമായി 'ബറോസ്', ഹോളിവുഡ് സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാല്‍; അപ്‌ഡേറ്റ് ട്രെന്‍ഡിംഗ്

Born Actor എന്ന ടാഗിലാണ് മോഹന്‍ലാലിനെ നിരൂപകരും ആരാധകരും ഒരുപോലെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ കുറച്ച് കാലങ്ങളായി താരത്തിന് വിമര്‍ശനങ്ങള്‍ മാത്രമാണ്. പ്രശംസകളേക്കാളേറെ ഹേറ്റ് ക്യാംപെയ്ന്‍ ആണ് നടനെതിരെ നടക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം അധികം ഹിറ്റുകള്‍ മോഹന്‍ലാലിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ‘നേര്’ നൂറ് കോടി കളക്ഷന്‍ നേടി ഹിറ്റ് അടിച്ചിരുന്നു. പിന്നാലെ എത്തിയ ‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്‌ക്കെതിരെ കടുത്ത രീതിയില്‍ ഹേറ്റ് ക്യാംപെയ്ന്‍ നടന്നിരുന്നു.

എങ്കിലും സിനിമാപ്രേമികള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. അഭിനയത്തിനൊപ്പം സംവിധായകനായി കൂടി മോഹന്‍ലാലിനെ കാണാനുള്ള പ്രേക്ഷകരുടെ ആവേശം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിന്നും വ്യക്തമാകാറുണ്ട്. താരം സംവിധാനം ചെയ്യുന്ന ‘ബറോസ്’ സിനിമയുടെ അപ്‌ഡേറ്റുകള്‍ ശ്രദ്ധ നേടാറുമുണ്ട്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്.

ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ ബറോസിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹന്‍ലാല്‍. ഹോളിവുഡ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം മോഹന്‍ലാല്‍ പങ്കുവച്ചത്. ”ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം ബറോസിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

നടന്‍ പങ്കുവച്ച ചിത്രത്തിന്റെ പുറകിലെ സ്‌ക്രീനില്‍ ബറോസ് എന്ന കഥാപാത്രമായ മോഹന്‍ലാലിന്റെ മുഖവും കാണാം. സിനിമയുടെ റീ റെക്കോര്‍ഡിംഗിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്‌പെഷല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലാന്‍ഡിലുമാണ് ചെയ്യുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ത്രീഡിയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് ഈ സിനിമ ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിനും തിരക്കഥ ഒരുക്കുന്നത്.

40 വര്‍ഷത്തിന് മുമ്പ് എത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പ്രയോഗിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്നിക് ബറോസിലും ഉപയോഗിച്ചിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനത്തിലാണ് ഗ്രാവിറ്റി ഇല്യൂഷന്‍ ടെക്നിക് പരീക്ഷിച്ചത്. ക്യാമറ ഒരു കറങ്ങുന്ന സെറ്റുമായി ബന്ധിപ്പിച്ചു കൊണ്ട് അതിനെ ആള്‍ക്കാരുടെ സഹായത്തോടെ പതിയെ കറക്കുന്ന വിദ്യയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. വാസ്‌കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

22ല്‍ അധികം തവണയാണ് താന്‍ ബറോസിന്റെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗില്‍ പറഞ്ഞിരുന്നു. 2019ല്‍ പ്രഖ്യാപിച്ച ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. 2023ല്‍ സിനിമ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും അതും നടന്നില്ല. ഈ വര്‍ഷം മാര്‍ച്ച് 28ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വന്‍ പ്രതീക്ഷയിലാണ് സിനിമാ ലോകം.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ