‘അമ്മ’ സംഘടനയുടെ താത്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍. രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരാനാണ് ധാരണ. ഓണ്‍ലൈന്‍ വഴിയാകും യോഗം ചേരുക. അതേസമയം താത്ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ അറിയിച്ചു. അമ്മയിലെ താരങ്ങളുടെ രാജിക്ക് പിന്നാലെ ഇത് ആദ്യമായാണ് താത്ക്കാലിക ഭരണ സമിതി യോഗം ചേരുന്നത്.
വിവാദങ്ങൾ കനക്കുമ്പോൾ നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന. അതേസമയം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ (അമ്മ) വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. താത്ക്കാലിക സമിതി തുടരുമെന്നാണ് അന്ന് അമ്മയിലെ അംഗങ്ങള്‍ അറിയിച്ചത്.
അതേസമയം വിവാദങ്ങൾക്ക് പിന്നാലെ നേരത്തെ മോഹൻലാൽ മറുപടിയുമായി എത്തിയിരുന്നു. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു വെന്നും മോഹൻലാൽ പറഞ്ഞിരുന്നു.