ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ് മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’. മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭമായതിനാല്‍ ചിത്രത്തിന് പ്രഖ്യാപിച്ചതു മുതല്‍ തന്നെ ഹൈപ്പ് ലഭിച്ചിട്ടുണ്ട്. ബറോസ് എത്താന്‍ ഇനി 65 ദിവസങ്ങള്‍ മാത്രം ബാക്കി എന്ന പോസ്റ്ററുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
സെപ്റ്റംബര്‍ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ബറോസിന് ചെക്ക് വയ്ക്കാന്‍ ക്ലാഷ് റിലീസുമായി മറ്റൊരു വമ്പന്‍ ചിത്രം കൂടി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് പുതിയ വിവരം. ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’വും സെപ്റ്റംബര്‍ 12ന് തന്നെയാണ് തിയേറ്ററുകളില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്‌സില്‍ ആണ് എആര്‍എമ്മിന്റെ റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബറോസും എആര്‍എമ്മും ഒന്നിച്ച് ആണ് തിയേറ്ററുകളില്‍ എത്തുന്നതെങ്കില്‍ വന്‍ ക്ലാഷിനാണ് സാധ്യത.
രണ്ട് സിനിമകളും ത്രീഡിയിലാണ് എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
അതേസമയം, ജിതിന്‍ ലാലിന്റെ സംവിധാനത്തിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.