മോഹന്‍ലാലിന്റെ കൈയില്‍ ആനക്കൊമ്പ് വന്ന കഥ; ആശുപത്രി കിടക്കയില്‍ അയാള്‍ പറഞ്ഞത്- കുറിപ്പ്

മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസിന് ഏഴ് വയസുണ്ട്. 2012- ലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈയില്‍ സൂക്ഷിക്കാന്‍ തനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ ആനക്കൊമ്പ് അദ്ദേഹത്തിന് കിട്ടിയതെങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു കുറിപ്പുമായി അരുണ്‍ജിത്ത് എ.പി എന്ന യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. നഴ്‌സായ ഇദ്ദേഹം ഫെയ്‌സ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ പങ്കു വെച്ച കുറിപ്പ് ഇപ്രകാരമാണ്.

മോഹന്‍ലാലിന്റെ കൈയിലെ ആനക്കൊമ്പു കഥ- നടന്ന കഥ

മോഹന്‍ലാല്‍ എന്ന നടന്‍, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലില്‍ പക്ഷപാതം കാണിക്കുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത്. പക്ഷേ കൃഷ്ണകുമാര്‍ എന്ന തൃപ്പൂണിത്തുറക്കാരന്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തന്നതാണ് ആനക്കൊമ്പ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീര്‍ച്ചയായും കരുതുന്നു.

ചൊവ്വാഴ്ചയോ മറ്റോ ആണ് തിയേറ്ററില്‍ ആകെ ബഹളം, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം റൂമുകളില്‍ എല്ലാം വലിയ തിരക്ക്. ഓപ്പറേഷന്‍ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും. സാധാരണ വൈകുന്നേരം ഓവറോള്‍ കാര്യങ്ങള്‍ക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിര്‍ത്താറുണ്ട്. അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വെയ്ക്കുന്നുണ്ട് എന്നു കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു. “ഉച്ചയ്ക്കു ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോള്‍ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി,  ഞാന്‍ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടര്‍ ) ബന്ധുവാണ്”. വെളുത്തു, താടിയുള്ള, ഒരു മാലയൊക്കെ ഇട്ട മനുഷ്യന്‍ ക്ഷോഭിക്കുകയാണ്.

ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പിറു പിറുക്കുന്നുണ്ട്, ആശ്വസിപ്പിക്കാന്‍ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം. ഞാന്‍ പേരു ചോദിച്ചു. പേരു കൃഷ്ണകുമാര്‍, വീട് തൃപ്പൂണിത്തുറ, കൈയില്‍ എവി ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ്. എന്റെ വീട്ടില്‍ ഒരു വൃക്കരോഗി ഉള്ളതാണ്. ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്.

പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണി വരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തിയേറ്റര്‍ പ്രിപയര്‍ ചെയ്തു ഞാന്‍ അദ്ദേഹത്തെ അവിടെ കയറ്റി , സര്‍ജന് ഒപ്പം അസ്സിസ്റ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷന്‍ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു. ടേബിളില്‍ കിടന്നപ്പോഴും ഞാന്‍ വലിയ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു, തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.

മിക്കവാറും സമയം തിയേറ്ററില്‍ ടേപ്പ് റെക്കോഡറില്‍ പാട്ടു വെയ്ക്കും , പ്രത്യേകിച്ച് ഞാന്‍. അങ്ങനെ ഓപ്പറേഷന്‍ നടക്കുന്നു. ലോക്കല്‍ അനസ്‌തേഷ്യയില്‍ ആണ് സര്‍ജറി. പുള്ളിയോട് ഞാന്‍ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട്. ഇതിനിടയില്‍ “”ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍ “” എന്ന മോഹനലാല്‍ ഗാനം വന്നു , ഞാന്‍ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ്.

അതിനിടയില്‍ ഇദ്ദേഹത്തിന്റെ വക കമന്റ് ” അവന്‍ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട്”” മോഹന്‍ലാലിന്റെ അടുത്ത ആളില്‍ നിന്ന് കേള്‍ക്കുന്ന സംസാരരീതി കണ്ടു ഞാന്‍ ചോദിച്ചു “മോഹന്‍ലാലിനെ അടുത്തറിയുമോ” , പഴയകാലത്തു ചെന്നൈയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ മോഹന്‍ലാല്‍ ( താരം ആകുന്നതിനു മുമ്പ് ) വന്ന കഥ മുതല്‍ പറഞ്ഞു. സിനിമ ഇഷ്ടവിഷയം ആയതിനാല്‍ ഞാന്‍ ഓരോന്നും ചോദിച്ചു. അതിനിടയില്‍ ആനക്കൊമ്പു വിഷയവും വന്നു, “അത് എന്റേതാണ് , ഇവന്‍ ( മോഹന്‍ലാല്‍) പഴയ ഇതേ പോലത്തെ സാധങ്ങള്‍ കണ്ടാല്‍ എടുത്തോണ്ട് പോകും, ഞാന്‍ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ്” എന്നൊക്കെ പറഞ്ഞു, “ഒരുപാടു രാത്രി ആയില്ലെങ്കില്‍ ഞാന്‍ അവനെ വിളിക്കാം” എന്നൊക്കെ പറഞ്ഞു, പക്ഷേ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്‍ബന്ധിച്ചില്ല.

ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖില്‍ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാന്‍ കരുതുന്നു.അത് മുമ്പില്‍ വെച്ച് പറയുകയാണ് മോഹന്‍ലാല്‍ മനഃസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ. മോഹന്‍ലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട്. ആ രാത്രിയില്‍ ഞാന്‍ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹന്‍ലാല്‍ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാര്‍ ചേട്ടന്‍ ഇപ്പോള്‍ എവിടെയാണ് ? അറിയില്ല.

സിനിമാ നിര്‍മ്മാതാവായിരുന്ന കെ. കൃഷ്ണകുമാര്‍ (69)  ഈ ഒക്ടോബര്‍ പതിനാലിനാണ് അന്തരിക്കുന്നത്. സംസ്‌കാരം ഒക്ടോബര്‍ 15-നു നടക്കും. ഗജരാജ ഫിലിംസിന്റെ ബാനറില്‍ ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് എന്നീ ചിത്രങ്ങളാണ് കൃഷ്ണകുമാര്‍ നിര്‍മ്മിച്ചത്.  കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

Latest Stories

യമൻ സംഘർഷം; 4.8 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കുടിയിറക്കപ്പെട്ടവരായി തുടരുന്നു: യുഎൻ മൈഗ്രേഷൻ ഏജൻസി

64 ഹെക്ടര്‍ ഭൂമി, ഏഴ് സെന്റ്ില്‍ 1,000 ചതുരശ്ര അടിയില്‍ വീട്; സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ഒറ്റ കുടക്കീഴില്‍; വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഇന്ന്; ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൂസിയാനയിലേക്ക് മാറ്റി

യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ