'12th മാന്‍' സെറ്റിലെത്തി; ജീത്തു ജോസഫ് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍

12th മാന്‍ സെറ്റിലെത്തി നടന്‍ മോഹന്‍ലാല്‍. ഇടുക്കിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ആ സമയത്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലായിരുന്നു.

സെപ്റ്റംബര്‍ 6ന് ബ്രോഡാഡി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഒരാഴ്ച്ചക്ക് ശേഷം 12th മാനിന്റെ സെറ്റിലെത്തിയിരിക്കുകയാണ്. നീല ടീ ഷര്‍ട്ടുമിട്ട് ചിത്രത്തിലെ മറ്റൊരു താരത്തിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറലാവുകയാണ്.

Read more

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.