വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് 2022ല്‍ വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് മോഹന്‍ലാലിന്റെ ‘എലോണ്‍’ സിനിമയുടെ ട്രെയ്‌ലറും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ സിനിമയുടെ ടീസറും എത്തിയത്. 2023ല്‍ വലിയ വിഷ്വല്‍ ട്രീറ്റുകളുമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നത് എന്നാണ് ഈ സിനിമകള്‍ വ്യക്തമാക്കുന്നത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് എലോണ്‍. മോഹന്‍ലാല്‍ ഏക കഥാപാത്രമായി എത്തുന്ന സിനിമയില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ് എന്നീ താരങ്ങള്‍ ശബ്ദ സാന്നിധ്യമായി എത്തുന്നുണ്ട്. ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സിനുള്ളത് സിനിമയ്ക്കുണ്ട് എന്നത് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടം, തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങള്‍ക്ക് പിന്നാലെ ഈ സിനിമ ഒരു തിരിച്ചു വരവായിരിക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ജനുവരി 26ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
2010ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ് എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രത്തില്‍ മുഴുനീള പൊലീസ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. ത്രില്ലര്‍ ആയി എത്തുന്ന സിനിമയുടെ തിരക്കഥ ഉദയ കൃഷ്ണ ആണ് ഒരുക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷനും മാസും നിറഞ്ഞ ടീസര്‍ എത്തിതോടെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ മമമ്മൂട്ടിയുടെതായി ആദ്യം തിയേറ്ററുകളില്‍ എത്തുക ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയാകും. കഴിഞ്ഞ വര്‍ഷം ഐഎഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഗംഭീര പ്രതികരണങ്ങള്‍ നേടിയിരുന്നു. ഇതിന് ശേഷം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതുകൊണ്ട് ജനുവരിയില്‍ തന്നെ സിനിമ തിയേറ്ററുകളില്‍ എത്താനാണ് സാധ്യത.
2023ല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളുണ്ട്. അതില്‍ ഒന്നാണ് മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമ ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ആയതിനാല്‍ തന്നെ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എമ്പുരാന്‍’ ആണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന മറ്റൊരു വലിയ സിനിമ. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ എത്തുന്ന ‘റാം’ സിനിമയ്ക്കായും പ്രതീക്ഷകള്‍ ഏറെയാണ്.
രണ്ട് പാര്‍ട്ട് ആയാണ് സിനിമ ഒരുക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന സിനിമ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ്. ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമ മോഹന്‍ലാലിന്റെ കരിയറിനെ തന്നെ മാറ്റി മറിക്കും എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരു പോലെ കരുതുന്നത്. ഇത് കൂടാതെ ‘ഓളവും തീരവും’ എന്ന ആന്തോളജി സിനിമയും വിവേക്, അനൂപ് സത്യന്‍, ടി.കെ രാജീവ് കുമാര്‍ എന്നീ പുതുതലമുറ സംവിധായകര്‍ക്കൊപ്പവും പുതിയ സിനിമകളുമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്.
നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ എന്നീ സിനിമകള്‍ കൂടാതെ ‘കാതല്‍’, ‘കടുഗണ്ണാവ ഒരു യാത്ര’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാതലിന് ഒരുപാട് പ്രതീക്ഷകളാണ്. ജ്യോതികയാണ് സിനിമയില്‍ നായികയാവുന്നത്. നിന്റെ ഓര്‍മ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടര്‍ച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെ കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഗംഭീര കാഴ്ചവിരുന്നുമായാണ് 2023 എത്തുന്നത്.