ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’ തീയറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് 3D ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയതും ജിജോ പുന്നൂസാണ്.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിരുന്നു.

ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 22ല്‍ അധികം തവണയാണ് താന്‍ ബറോസിന്റെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗില്‍ പറഞ്ഞിരുന്നു.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്.

അന്താരാഷ്ട്ര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് സിനിമയുടെത്. ഇന്റര്‍നാഷണല്‍ ഫോമില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സിനിമയുടെ ടീസറും ഗാനവും ലൊക്കേഷൻ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 40 വര്‍ഷം മുമ്പ് എത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിൽ ഉപയോഗിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് അടക്കം സിനിമയില്‍ ഉപയോഗിക്കുണ്ട്. ക്യാമറ ഒരു കറങ്ങുന്ന സെറ്റുമായി ബന്ധിപ്പിച്ചു കൊണ്ട് അതിനെ ആള്‍ക്കാരുടെ സഹായത്തോടെ പതിയെ കറക്കുന്ന വിദ്യയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്

ഇതിനിടെ ‘ബറോസ്’ സിനിമ നിയമകുരുക്കിൽ പെടുകയും ചെയ്തിരുന്നു. സിനിമയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ രംഗത്തെത്തിയത്. 2008ല്‍ താന്‍ എഴുതി പുറത്തിറക്കിയ ‘മായ’ എന്ന നോവലുമായി സിനിമയ്ക്ക് സാമ്യമുണ്ട് എന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ എഴുത്തുകാരന്‍ രംഗത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി എറണാകുളം ജില്ലാ കോടതി തള്ളി. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിൽ അധികം തവണ സിനിമയുടെ റിലീസ് തീയതി പുറത്തു വന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. മലയാള സിനിമലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്രിസ്മസ് ദിനത്തിൽ വേൾഡ് വൈഡായി റിലീസായി തിയേറ്ററുകളിലെത്തും. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ലോകത്തെമ്പാടുമുള്ള സിനിമാസ്വാദകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.