മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ സിനിമ നിയമകുരുക്കില്‍. 2019 മുതല്‍ നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെപ്റ്റംബര്‍ 12ന് ഓണം റിലീസ് ആയി ബറോസ് സിനിമ തിയേറ്ററില്‍ എത്താനിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ഇപ്പോള്‍. സിനിമയ്ക്കെതിരെ പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന് ജോര്‍ജ് തുണ്ടിപ്പറമ്പില്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു.
2008ല്‍ താന്‍ എഴുതി പുറത്തിറക്കിയ ‘മായ’ എന്ന നോവലുമായി സിനിമയ്ക്ക് സാമ്യമുണ്ട് എന്ന് ആരോപിച്ചാണ് സിനിമയ്ക്കെതിരെ എഴുത്തുകാരന് രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ ജിജോ പുന്നൂസ്, മോഹന്‍ലാല്‍, ടി.കെ രാജീവ്കുമാര്‍ എന്നിവരോട് ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പ്രചാരത്തിലുള്ള ‘കാപ്പിരി മുത്തപ്പന്’ എന്ന മിത്ത് ആണ് ജോര്‍ജിന്റെ മായ എന്ന പുസ്തകത്തിന്റെ പ്രമേയം. വാസ്കോഡഗാമ നിധി സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച ഒരു ആഫ്രിക്കന്‍ അടിമയുടെ ആത്മാവാണ് കാപ്പിരി മുത്തപ്പന് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്കോഡഗാമയുടെ പിന്‍ഗാമി പോര്‍ച്ചുഗലില്‍ നിന്ന് വരുന്നത് വരെ നിധികള്‍ സംരക്ഷിക്കാന്‍ അടിമയെ ചുമതലപ്പെടുത്തിയിരുന്നു. ഇതാണ് മായ എന്ന നോവലിന്റെ കഥാപശ്ചാത്തലം.
മായ എന്ന പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നോവല്‍. മായയ്ക്ക് മാത്രമാണ് കാപ്പിരിയെ കാണാനും സംസാരിക്കാനും സാധിക്കുക. കാപ്പിരി മുത്തപ്പന് മായയെ താന്‍ കാത്തുസൂക്ഷിക്കുന്ന നിധിയുടെ അവകാശിയായി പിന്നീട് തിരിച്ചറിയുന്നുണ്ട്. ഇതാണ് മായ എന്ന നോവലിന്റെ പ്രമേയം. ഈ സ്റ്റോറി ലൈനിന് പകര്‍പ്പവകാശമുണ്ട് എന്നാണ് നോട്ടീസില്‍ എഴുത്തുകാരന് വിശദീകരിക്കുന്നത്. തന്റെ പുസ്തകം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ബറോസിന്റെ പ്രമേയം തന്റെ നോവലിനോട് വളരെ സാമ്യമുള്ളതാണ് എന്നാണ് ജോര്‍ജ് വാദിക്കുന്നത്.
2008 ഏപ്രിലില്‍ കൊച്ചിയില്‍ വച്ച് ശശി തരൂര്‍ എംപിയാണ് ഈ നോവല്‍ പ്രകാശനം ചെയ്തത്. തന്റെ പുസ്തകം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ബറോസിന്റെ പ്രമേയം തന്റെ നോവലിനോട് വളരെ സാമ്യമുള്ളതാണെന്ന് ജോര്‍ജ്ജ് വാദിക്കുന്നു. വിപണിയില്‍ ഒരിടത്തും തനിക്ക് സമാനമായ കഥാസന്ദര്‍ഭമുള്ള മറ്റൊരു പുസ്തകം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മായ എന്ന തന്റെ പുസ്തകത്തിന് സമാനമായ നിരവധി കഥാസന്ദര്‍ഭങ്ങള്‍ ബറോസിനെ കുറിച്ച് ഇതുവരെ പുറത്ത് വന്ന വിവരണങ്ങളില്‍ കണ്ടെത്താനായെന്നും ജോര്‍ജ് അവകാശപ്പെടുന്നുണ്ട്.
2016ല്‍ മായ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്റെ സുഹൃത്ത് രാജീവ് കുമാറിന് കൊടുത്തിരുന്നുവെന്നും, ജിജോ പുന്നൂസുമായി ചേര്‍ന്ന് നോവല്‍ സിനിമയാക്കുമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നവെന്നും ജോര്‍ജ് പറയുന്നുണ്ട്. എന്നാല്‍ 2018ല്‍ ഒരു ആഫ്രോ-ഇന്ത്യന്‍-പോര്‍ച്ചുഗീസ് മിത്തിനെ കുറിച്ച് ജിജോ പുന്നൂസ് എഴുതിയ ഡി ഗാമാസ് ട്രഷര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസിന്റെ തിരക്കഥ എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഇത് തന്റെ തിരക്കഥയല്ലെന്നും സംവിധായകന് ടികെ രാജീവ് കുമാറിന്റെ സഹായത്തോടെ മോഹന്‍ലാല്‍ തന്റെ തിരക്കഥയില്‍ നിന്ന് മാറ്റി എഴുതിയതാണെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു. അതിനാല്‍ ബറോസ് തന്റെ കഥയാണ് എന്നാണ് ജോര്‍ജ് വാദിക്കുന്നത്.
അതേസമയം, 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ത്രീഡിയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജികള്‍ ഉപയോഗിച്ചാണ് ഈ സിനിമ ഒരുക്കുന്നത്. 40 വര്‍ഷം മുമ്പ് എത്തിയ മൈ ഡിയര്‍ കുട്ടിച്ചാത്തന് സിനിമയില്‍ പ്രയോഗിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്നിക് ബറോസിലും ഉപയോഗിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ബറോസ് എന്ന ഭൂതമായി ലീഡ് റോളില്‍ മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 22ല്‍ അധികം തവണയാണ് താന്‍ ബറോസിന്റെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വന്‍ പ്രതീക്ഷയിലാണ് സിനിമാ ലോകം.