അച്ഛന്റെ സംവിധാനത്തില്‍ പ്രണവും എത്തി, എങ്കിലും വന്‍ പരാജയം; 150 കോടി സിനിമയ്ക്ക് ലഭിച്ചത് വെറും 20 കോടി, 'ബറോസ്' ഇനി ഒ.ടി.ടിയില്‍

150 കോടി ബജറ്റില്‍ ഒരുക്കിയ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ചിത്രം തിയേറ്ററില്‍ വന്‍ പരാജയം. വമ്പന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് അതിന് അനുസരിച്ച് നീതി പുലര്‍ത്താനായില്ല. ഫാന്റസി പീരീഡ് ഴോണറില്‍ എത്തിയ ചിത്രം ആദ്യ ദിനം പ്രേക്ഷകര്‍ തഴഞ്ഞിരുന്നു. വെറും 20 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.

ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇനി ഒ.ടി.ടിയല്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം തിയേറ്ററുകളിലെത്തി 23-ാം ദിവസമാണ് ഔദ്യോഗിക ഒ.ടി.ടി പ്രഖ്യാപനം വന്നിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാല്‍ സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.


വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബറോസ് യുഎസ്എയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ചിത്രത്തെ കളക്ഷനില്‍ മുന്നേറാന്‍ സഹായിച്ചില്ല. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. ലിഡിയന്‍ നാദസ്വരം ആണ് ബറോസിനായി സംഗീതം നല്‍കിയിരിക്കുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയന്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. മായ റാവോ, ജൂണ്‍ വിഗ്, നീരിയ കമാചോ, തുഹിന്‍ മേനോന്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം, ഗോപാലന്‍ അദാത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവും ചിത്രത്തില്‍ കാമിയോ റോളില്‍ വേഷമിട്ടിട്ടുണ്ട്.