13 മിനിറ്റ് വെട്ടിമാറ്റി; 'മോണ്‍സ്റ്ററി'ന് ഇനി വിലക്ക് ഇല്ല

മോഹന്‍ലാല്‍ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’ ചിത്രത്തിന് ഇനി വിലക്ക് ഇല്ല. ബഹ്‌റൈന്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നിന്ന് 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത് എന്നാണ് സൂചന.

രാജ്യത്ത് മോണ്‍സ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. എല്‍ജിബിടിക്യൂ കണ്ടന്റ് ഉള്ളതിനാലാണ് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ മോണ്‍സ്റ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുക.

സസ്‌പെന്‍സ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖ് ആണ്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നു. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മലയാളത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ചിത്രത്തിലെ നായകനും വില്ലനും തിരക്കഥ തന്നെയാണ് എന്നും മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.