'ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ'; 24 വർഷത്തിനു ശേഷം ദേവദൂതൻ കണ്ട മോഹൻലാൽ പറയുന്നു...

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷം മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദേവദൂതൻ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ കുറിപ്പ് പങ്കുവച്ചത്. ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ തോന്നിയെന്നാണ് കുറിപ്പിൽ പറയുന്നത്.

’24 വർഷങ്ങൾക്ക് ശേഷം ഈ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ, അസാധാരണമായ ചാരുത ചേർത്ത് പോലെ. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’ എന്നാണ് മോഹൻലാൽ കുറിച്ചത്.

റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ. 4K റീമാസ്റ്റേർഡ് വേർഷനായാണ് ഇപ്പോൾ ചിത്രമെത്തിയിരിക്കുന്നത്.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.