റിലീസ് ദിവസം തന്നെ ഹിറ്റ് അടിച്ചിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഓപ്പണിംഗ് ദിനത്തില്‍ കേരളത്തില്‍ നിന്നും 3 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം 7 കോടി രൂപയാണ് ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസര്‍ എത്തിയത് മുതല്‍ മഞ്ഞുമ്മല്‍ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മറ്റൊരു മലയാള സിനിമ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ശിക്കാറിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഗുണ കേവ്‌സിലാണ്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ 2010ല്‍ റിലീസ് ചെയ്ത ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മകളെ (അനന്യ) വില്ലന്‍ തട്ടിക്കൊണ്ടുപോവുകയും മകളെ മോഹന്‍ലാല്‍ രക്ഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്.
ഈ രംഗങ്ങള്‍ ഗുണ കേവിലാണ് ചിത്രീകരിച്ചത്. ത്യാഗരാജന്‍ മാസ്റ്ററാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. ഈ ക്ലൈമാക്‌സ് രംഗങ്ങള്‍ വീണ്ടും വൈറലാവുകയാണ്. റീലുകളിലും പോസ്റ്റുകളിലും ഈ രംഗം നിറയുന്നുണ്ട്.
അതേസമയം, ഗുണ സിനിമ ഇറങ്ങിയതിന് പിന്നാലെ ശ്രദ്ധ നേടിയ ഗുണ കേവ്‌സിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തിയിരുന്നു. 13 ഓളം പേര്‍ ഈ ഗുഹയിലെ അഗാധ ഭാഗത്തേക്ക് വീണ് മരണമടഞ്ഞിട്ടുണ്ട്. ഡെവിള്‍സ് കിച്ചന്‍, അഥവാ പിശാചിന്റെ അടുക്കള എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്.