ഉപേക്ഷിച്ചിട്ടില്ല.. കൈയ്യടിക്കണം ഈ ധീരതയ്ക്ക്; ഇനി ഏട്ടന്‍ വാഴും 2025

പുതിയ പ്രതീക്ഷകളുമായി പുതുവത്സരം വന്നെത്തിരിക്കുകയാണ്. മലയാള സിനിമാലോകവും പുത്തന്‍ പ്രതീക്ഷകളുമായി 2025ല്‍ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, അതായത് 2024 – മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു വര്‍ഷമാണ്. ആരാധകര്‍ക്കും അത് അങ്ങനെ തന്നെയാണ്. ഏറ്റവും മികച്ച നടന്‍ ആയിട്ട് കൂടി കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളോപ്പ് സിനിമികളുടെ ലിസ്റ്റിലും മുടക്ക് മുതല്‍ പോലും തിരിച്ച് പിടിക്കാത്ത പടങ്ങളുടെ കൂട്ടത്തിലും മോഹന്‍ലാല്‍ സിനിമകളാണ് മുന്നില്‍. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍, എന്നും മനോഹരമായി തിരിച്ചു വരുന്ന മോഹന്‍ലാലിന് മികച്ച സംവിധായകരുടെ കൂടെ, പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന സിനിമകളാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ പ്രോജക്ടുകള്‍ മാത്രമല്ല, അടുത്ത വര്‍ഷത്തേക്കുള്ള വമ്പന്‍ പ്രോജക്ടുകളുടെ ഷൂട്ടിംഗും ഈ വര്‍ഷം തന്നെ നടക്കും.

ഈ വര്‍ഷം ആദ്യം തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന മോഹന്‍ലാല്‍ സിനിമ ‘തുടരും’ ആണ്. ജനുവരി 30ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുക. പുതുതലമുറ സംവിധായകനായ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. എന്നൊക്കെ സാധാരണക്കാരനായ കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയിട്ടുണ്ടോ, ആ സിനിമകളെല്ലാം തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആവാറുമുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും തുടരും സിനിമയ്ക്കുണ്ട്.

തുടരും ഓളം തീര്‍ത്ത് കടന്നു പോകുമ്പോള്‍ പിന്നാലെ തിയേറ്ററില്‍ എത്തുക ‘എമ്പുരാന്‍’ ആണ്. സ്റ്റീഫന്‍ നെടുമ്പളളിയായും അബ്രാം ഖുറേഷിയായും വിസ്മയിപ്പിക്കാന്‍ മോഹന്‍ലാല്‍ മാര്‍ച്ച് 27ന് ആണ് സ്‌ക്രീനിലേക്ക് എത്തുക. ഇന്റര്‍നാഷണല്‍ ലെവലില്‍ പാന്‍ വേള്‍ഡ് സിനിമ ആയാണ് പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുന്നത്. 2019 മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ പുറത്തിറങ്ങിയത്. ലൂസിഫര്‍ വന്‍ വിജയമായതോടെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പാണ് ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കാന്‍ പോകുന്നത്.

ഏപ്രില്‍ മാസത്തില്‍ മറ്റൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ് മോഹന്‍ലാലിന്റെതായി തിയേറ്ററില്‍ എത്താന്‍ പോകുന്നത്. വിഷ്ണു മഞ്ചു നായകനാകുന്ന ‘കണ്ണപ്പ’ എന്ന സിനിമയില്‍ ഒരു പ്രധാനപ്പെട്ട കാമിയോ റോളിലാണ് മോഹന്‍ലാല്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. കിരാത എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ‘ഏറ്റവും ധീരനായ പോരാളി, പരമഭക്തന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയത്. സിനിമയില്‍ ഗംഭീര റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 25ന് ആണ് മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുക.

ഇതിന് പിന്നാലെ മറ്റൊരു പാന്‍ ഇന്ത്യന്‍ സിനിമ കൂടി മോഹന്‍ലാലിന്റെതായി തിയേറ്ററുകളിലെത്തും. ഒരു യോദ്ധാവിന് സമാനമായി കൈയില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലായിരുന്നു സിനിമയുടെ പോസ്റ്ററില്‍ എത്തിയത്. നന്ദകിഷോര്‍ സംവിധാനം ചെയുന്ന ചിത്രം അച്ഛന്‍- മകന്‍ സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുക. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ഈ സിനിമ ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തു വന്നിരുന്നു. ബജറ്റ് കൂടി വന്നതിനാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഒക്ടോബറില്‍ സിനിമ എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

ഈ സിനിമകള്‍ കൂടാതെ സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രോജക്ടുകളും ഈ വര്‍ഷം മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നുണ്ട്. അതിലൊന്നാണ് സംവിധായകന്‍ ജിത്തു മാധവിനൊപ്പമുള്ള സിനിമ. മോഹന്‍ലാലിന്റെ 361-ാം സിനിമയാണ് രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജിത്തു മാധവന്‍ ഒരുക്കുക. മോഹന്‍ലാല്‍ തന്നെയാണ് ഈ സിനിമ പ്രഖ്യാപിച്ചത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഒരു ഗംഭീര റോളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന റോളിലാണ് മോഹന്‍ലാല്‍ എത്തുക. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളും ഈ സിനിമയുടെ ഭാഗമാണ്. ശ്രീലങ്കയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ അത് ആഘോഷം തന്നെയാണ്. ഇത്രയും സിനിമകളുമായി മോഹന്‍ലാല്‍ ഈ വര്‍ഷം അങ്ങെടുക്കുമ്പോള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ അന്‍വര്‍ റഷീദിനൊപ്പം കിടിലന്‍ ചിത്രവുമായി താരം വീണ്ടും സ്‌ക്രീനിലെത്തും. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം ‘ബറോസ്’ അടക്കം കണ്ട് കണ്ണീരോടെയാണ് സിനിമാപ്രേമികള്‍ തിയേറ്റര്‍ വിട്ടതെങ്കില്‍ ഈ വര്‍ഷം കൈയ്യടികളോടെ മോഹന്‍ലാലിനെ ആഘോഷിക്കുക തന്നെ വേണ്ടി വരും.