റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

മലയാള സിനിമയില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടങ്ങളുമായി മോഹന്‍ലാല്‍. മൂന്ന് ദിവസം കൊണ്ട് 69 കോടി കളക്ഷന്‍ നേടി മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും മാത്രം 20 കോടി രൂപയാണ് മൂന്ന് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍.

ഞായറാഴ്ച മാത്രം എട്ട് കോടി രൂപയാണ് സിനിമ നേടിയത്. തിങ്കളാഴ്ച ആറ് കോടിക്ക് മുകളില്‍ കളക്ഷനും ചിത്രം നേടി. 41 കോടിയാണ് സിനിമയുടെ വിദേശ കളക്ഷന്‍. തമിഴ്‌നാട്ടില്‍ അടക്കം സിനിമ പ്രദര്‍ശനം തുടരുകയാണ്. ദൃശ്യം സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി എത്തുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് തുടരും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖന്റെ ജീവിതമാണ് സിനിമ പറയുന്നത്.