തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമാകുമിത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ചിത്രത്തിലെ കാസ്റ്റിംഗ് പൂര്‍ത്തിയായി വരുന്നതേയുള്ളു. ഏറെ ശ്രദ്ധേയമായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ലൊരു ഹൈപ്പും ലഭിച്ചിട്ടുണ്ട്. എങ്കിലും അടുത്തിടെ പുറത്തിറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു.
2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘നേര്’ ആണ് മോഹന്‍ലാലിന്റെ ഒരേയൊരു ഹിറ്റ് ചിത്രം. മരക്കാര്‍, ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘മലൈകോട്ടൈ വാലിബന്‍’ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ ദുരന്തമാവുകയായിരുന്നു.
തുടക്കം മുതലേ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ്, ഡീഗ്രേഡിംഗ് പ്രചാരണങ്ങളായിരുന്നു ഇതിന് കാരണം. അതേസമയം, തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇത്തരമൊരു അവസ്ഥ സംഭവിക്കില്ലെന്നും പ്രേക്ഷകര്‍ കരുതുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം.