ഇനി 'അമ്മ'യിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍; അടുത്ത തിരഞ്ഞെടുപ്പ് ജൂണില്‍!

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി താന്‍ ഇല്ലെന്ന് മോഹന്‍ലാല്‍. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും നിർദേശം അനുസരിച്ചാണ് മോഹൻലാലിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് മോഹന്‍ലാല്‍ അടക്കമുള്ള സംഘടനയിലെ മുഴുവന്‍ അംഗങ്ങളും രാജി വച്ചത്.

നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കാന്‍ സാധ്യയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ജൂണിലാകും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാനാവുക. അതിന് ശേഷമാകും അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുക. അതേസമയം, അമ്മയില്‍ പുതിയ കമ്മിറ്റി വരുമെന്നും രാജി വച്ചവരെ തിരിച്ചു കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

നവംബര്‍ ഒന്നിന് അമ്മ ആസ്ഥാനത്ത് നടന്ന കുടുംബയോഗത്തിലായിരുന്നു നടന്‍ സംസാരിച്ചത്. അമ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചു എന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.