ഇന്ദ്രജിത്ത് പറഞ്ഞിട്ടും കേട്ടില്ല, കാല് പിടിക്കേണ്ട അവസ്ഥ വരെ വന്നു..; അനശ്വര രാജനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍

നടി അനശ്വര രാജനെതിരെ ആരോപണങ്ങളുമായി ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’ സിനിമയുടെ സംവിധായകന്‍ ദീപു കരുണാകരന്‍. സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല എന്നാണ് സംവിധായകന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

ഷൂട്ടിങ്ങിന്റെ സമയത്ത് തങ്ങളുമായി ഏറെ സഹകരിച്ച താരമാണ് അനശ്വര എന്നാല്‍ ഇപ്പോള്‍ എന്ത് പറ്റിയെന്ന് അറിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിലെ നാല് പാട്ടുകള്‍ പുറത്തിറങ്ങിയിട്ടുണ്ട് എന്നാല്‍ അനശ്വര ഒരു പാട്ട് പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രമോഷന്‍ നല്‍കിയിട്ടില്ല. പ്രമോഷന്‍ പരിപാടിക്കായി വിളിച്ചപ്പോള്‍ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായിരുന്നു മറുപടി.

അവരുടെ അമ്മയുമായും മാനേജരുമായും പല തവണ സംസാരിച്ചു. കാല് പിടിച്ച് പറയേണ്ട അവസ്ഥ പോലും വന്നു. ആ കുട്ടിയുടെ തീരുമാനമല്ലേ തനിക്കൊന്നും പറയാന്‍ പറ്റില്ല എന്നാണ് മാനേജര്‍ പറഞ്ഞത്. ഉടനെ ഇടും എന്നല്ലാതെ ഒന്നും നടന്നില്ല. ചിത്രത്തിലെ നായകനായ ഇന്ദ്രജിത്ത് അവരോട് സംസാരിച്ചു. പ്രമോഷന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ശരിയെന്ന് പറഞ്ഞു.

സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമോഷന്‍ വയ്ക്കും. അപ്പോള്‍ അവര്‍ വരുമോയെന്ന് നോക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം റിലീസ് പ്രഖ്യാപിച്ച സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എങ്കിലും ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. ഉടന്‍ തന്നെ റിലീസ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.

Read more