തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന എം. ടി വാസുദേവൻ നായർക്ക് ആശംസകളുമായി മമ്മൂട്ടി. ‘പ്രിയപ്പെട്ട എംടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നെഴുതിയാണ് എംടിയെ സന്ദർശിച്ച ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
എംടിയുടെ കുടുംബത്തിനോടൊപ്പം മമ്മൂട്ടിയും കുടുംബവുമുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളെന്ന് പറയാവുന്ന ചിലത് എംടിയുടെ രചനയിലാണ് പുറത്തുവന്നത്. 1984-ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, 1989-ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ, ഉത്തരം, മിഥ്യ, സുകൃതം തുടങ്ങീ മികച്ച സിനിമകളാണ് എംടിയുടെ എഴുത്തിൽ മമ്മൂട്ടി അഭ്രപാളിയിൽ അവിസ്മരണീയമാക്കിയത്.
അതേസമയം എംടി തിരക്കഥയെഴുതുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത് തുടങ്ങീ നിരവധി താരങ്ങളാണ് ആന്തോളജി ചിത്രത്തിൽ അണിനിരക്കുന്നത്. ഓണം റിലീസായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് പുറത്തുവിടും.
സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എംടിയുടെ ജന്മദിനമായ ജൂലൈ 15നാണ് നടക്കുന്നത്. മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.
എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്.ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.