എംടിയുടെ രചനയിൽ ഒരുങ്ങിയ ആന്തോളജി വെബ് സീരീസ് ‘മനോരഥങ്ങൾ’ റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റുകൾ സ്വന്തമാക്കിയിരിക്കുന്നു. സീ 5ലൂടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എംടിയുടെ മികച്ച ഒൻപത് ചെറുകഥകളെ ആസ്പദമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കിയത്.
മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.