തമാശ പങ്കുവെച്ച് പൊട്ടിച്ചിരിച്ച് മുഹമ്മദ് റിയാസും കുഞ്ചാക്കോ ബോബനും

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും നര്‍മ്മം പങ്കുവെച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സിനിമ റിലീസ് ചെയ്യുന്ന ദിവസം പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദങ്ങളുയര്‍ന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്.

‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തിനെതിരെ ഇടത് അനുകൂലികള്‍ രംഗത്തെത്തുകയായിരുന്നു. പരസ്യം സര്‍ക്കാറിനെതിരെയാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇടത് അനുകൂലികള്‍ സൈബര്‍ ഇടങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം മുഴക്കിയത്.എന്നാല്‍, വിവാദമുയര്‍ന്ന സമയത്തുതന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി റിയാസ് രംഗത്തെത്തിയിരുന്നു.

സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു റിയാസ് ചൂണ്ടിക്കാട്ടിയത്. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.