ഹലാല്‍ ലൗ സ്റ്റോറി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ നഷ്ടബോധമുണ്ട്, മുഹ്‌സിന്‍ പരാരി സംസാരിക്കുന്നു

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഫിലിം മേക്കർമാരിലൊരാളാണ് മുഹ്സിൻ പരാരി. സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുമൊക്കെ  സിനിമയുടെ വിവിധ  മേഖലകളിൽ ഇതിനകം മുഹ്സിൻ പരാരി തൻ്റെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു.

മുഹ്സിനും സക്കരിയയും ചേർന്ന് ഒരുക്കുന്ന ഒരു ഹലാൽ ലൗ സ്റ്റോറി ഒക്ടോബർ 15-ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണ്.

കൂടാതെ മുഹ്സിന്റെ കോഴിപങ്ക് എന്ന രാഷ്ട്രീയ മാനമുളള മ്യൂസിക് ആൽബം വലിയ ശ്രദ്ധ നേടിയിരുന്നു.  കെ സച്ചിദാനന്ദന്റെ കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നടനും ഡിജെയും കൂടിയായ ശേഖറാണ്. ശ്രീനാഥ് ഭാസിയാണ് ആലാപനം. ” അഭിലാഷ് എസ് കുമാറാണ് സംവിധാനം. മുഹ്‌സിന്‍ പരാരിയുടെ റൈറ്റിംഗ് കമ്പനിയുടെ ലോഞ്ചിംഗ് പ്രൊജക്റ്റ് കൂടിയാണ് “കോഴിപ്പങ്ക്”.

ഈ സന്ദർഭത്തിൽ  ഹലാൽ ലൗ സ്റ്റോറിയെ കുറിച്ചും  മറ്റ് പുതിയ സംരംഭങ്ങളെ കുറിച്ചും സൗത്ത് ലൈവുമായുളള അഭിമുഖത്തിൽ മുഹ്സിൻ പരാരി   സംസാരിക്കുന്നു.

ഹലാൽ ലൗ സ്റ്റോറി  ഒടിടി റിലീസിനെത്തുമ്പോൾ എന്തു തോന്നുന്നു?

തിയേറ്ററുകൾക്ക് വേണ്ടി നിർമ്മിച്ച സിനിമയായതിനാൽ അതിന്റെ ഒരു നഷ്ടബോധമുണ്ട്. ഒടിടി റിലീസ് എന്നാൽ വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അനുഭവം. ആമസോൺ പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമ്പോൾ ആളുകൾ അവരുടെ സ്ഥലങ്ങളിൽ വെച്ചാണല്ലോ കാണുക. ഫീഡ് ബാക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല.

പക്ഷേ തിയേറ്റർ റിലീസിലുളളതു പോലെ പ്രേക്ഷകർക്ക് കാത്തിരിപ്പിന്റെ വിഷമതകളൊന്നുമില്ല. മാത്രമല്ല സിനിമയ്ക്ക് വളരെ വിശാലമായ ഒരു അറ്റൻഷൻ കിട്ടുകയും ചെയ്യും. അതൊരു പോസിറ്റീവായ ഘടകമാണ്. കാരണം ആമസോൺ പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയെത്തുമ്പോൾ അതൊരു റീജിയണൽ ചിത്രമാണെങ്കിൽ കൂടി യൂണിവേഴ്സലായാണ് അവർ അവതരിപ്പിക്കുക.

അതുവഴി കൂടുതൽ പ്രേക്ഷകരെ ലഭിക്കുകയും ചെയ്യും എന്നാൽ  ഒരു കലാരൂപമെന്ന നിലയിൽ തിയേറ്റർ അന്തരീക്ഷം, സൗണ്ട്, വിഷ്വൽ എക്സ്പീരിയൻസ്  എന്നിവയൊക്കെ കൂടിചേരുമ്പോഴെ സിനിമ പൂർണമാകൂ.

എങ്ങനെയാണ് ഹലാൽ ലൗ സ്റ്റോറിയിലേക്ക് എത്തി ചേർന്നത്?

സക്കരിയയെ ഈ സിനിമയിലേക്ക് ആകർഷിച്ചത് ഇതിന്റെ കഥ തന്നെയാണ്. ഞാനും സക്കരിയയും ചേർന്ന് കാക്കത്തൊളളായിരത്തിന്റെ തിരക്കഥ എഴുതുന്ന സമയം മലബാറിൽ ഒരു കവിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ സക്കരിയ പോയിരുന്നു.

പോയി വന്നയുടനെ ഒരു കഥ കിട്ടിയെന്ന് പറഞ്ഞ് എന്നെ  കേൾപ്പിച്ചു.  കവിയുടെ കഥയാണ്. അയാൾ ഒരു സിനിമ യെടുക്കാൻ പോയതും അതിന് പിന്നാലെയുണ്ടായ സംഭവങ്ങളുമാണ് കഥ. ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സംവിധായകൻ തന്നെയാണ് അയാളും സംവിധായകനുമായുണ്ടായ സംഘർഷങ്ങളുടെ കഥ പങ്കുവെച്ചത്. എടാ ഇത് നല്ലതല്ലേ എന്ന് സക്കരിയ എന്നോട് ചോദിച്ചു.  കഥ പങ്കുവെച്ച ഉടൻ തന്നെ ഞാൻ പേര് സജസ്റ്റ് ചെയ്തു. പേര് മാത്രമല്ല ക്ലൈമാക്സും.

എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ഇത് സത്യത്തിൽ ഒരു ഫൺറൈഡ്. പ്ലസന്റ്റായ അനുഭവമാണ് ഹലാൽ ലൗ സ്റ്റോറി പ്രേക്ഷകർക്ക് സമ്മാനിക്കുക.

പൃഥ്വിരാജിനൊപ്പമുളള വാരിയംകുന്നൻ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാമോ?

പൃഥ്വിരാജിനൊപ്പമുളള സിനിമ തീർച്ചയായും സംഭവിക്കും. നിലവിലുള്ള കോവിഡ് സാഹചര്യവും മറ്റ് ചില സാങ്കേതികമായ കാരണങ്ങളും മൂലം ചിത്രം അൽപ്പം വൈകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആ സിനിമയ്ക്കായുളള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. പെട്ടെന്ന് ആ സിനിമയുടെ വർക്കിലേക്ക് കടക്കാൻ കഴിയില്ല. പക്ഷേ തീർച്ചയായും ആ ചിത്രം സംഭവിക്കും.

കോഴിപങ്ക്  വലിയ ശ്രദ്ധ നേടുകയാണ് , ഇത്തരം ഒരു ആശയത്തിലേക്ക് എത്തി ചേർന്നതെങ്ങനെയാണ്?

2013-ല്‍ ഞാന്‍ “നേറ്റീവ് ബാപ്പ” എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു   സച്ചിമാഷ് അത് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ആസമയം തൊട്ടേ ഞങ്ങൾ പ്ലാൻ ചെയ്യുന്ന പ്രോജക്ടാണ് അത്.
അന്ന് ഞാന്‍ സച്ചി മാഷെ വിളിച്ച് സംസാരിച്ചപ്പോള്‍ ചോദിച്ചതാണ് “കോഴിപ്പങ്ക്” ഞാന്‍ ചെയ്യട്ടെ എന്നുളളത്.

2013- ല്‍ സമ്മതം കിട്ടിയതാണ്. പിന്നീട് അടുത്ത് ഞങ്ങള്‍ വീണ്ടും സംസാരിച്ചിരുന്നു. 2018- ലാണ് അത് മ്യൂസിക് ആക്കി തുടങ്ങിയത്. പിന്നെ കോവിഡ് സമയത്ത് തന്നെ വീഡിയോ ഷൂട്ട് ചെയ്തു.  “കോഴിപ്പങ്കി”നെ കുറിച്ച് അദ്ദേഹം പറയുന്ന ഒരു വീഡിയോയും അടുത്ത് തന്നെ പബ്ലിഷ് ചെയ്യുന്നുണ്ട്.

കോഴിപങ്കിന്റെ രാഷ്ട്രീയം ചർച്ചയാവുകയാണ്, താങ്കളുടെ കാഴ്ചപ്പാടിൽ കോഴിപങ്ക് പറയുന്നതെ ന്താണ് ?

ആദ്യമായി വായിച്ചപ്പോൾ തന്നെ അത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടേണ്ട പ്രസക്തിയുളള ഒരു കവിതയായാണ് മനസ്സിൽ തോന്നിയത്. അനീതിയെ കുറിച്ചാണ് ആ കവിത സംസാരിക്കുന്നത്. സച്ചി മാഷ് തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത് ഈ കവിതക്ക് എന്ത് വ്യാഖ്യാനവും നൽകാമെന്നാണ്.

ചെറുതും വലുതുമായ എല്ലാ അധികാരങ്ങളും അതായത് പേഴ്സണൽ റിലേഷൻഷിപ്പിൽ തുടങ്ങി വൻ അധികാരകേന്ദ്രങ്ങൾ വരെ എന്ത് പ്രതിച്ഛായയാണ് നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ എന്താണ് അവർ നമുക്ക് തന്നുകൊണ്ടിരിക്കുന്നത് എന്ന അന്തരത്തിലാണല്ലോ അനീതി കുടികൊളളുന്നത്. അത് തന്നെയാണ് കോഴിപങ്കിന്റെ രാഷ്ട്രീയം.

ലളിതവും ആകാംക്ഷാജനകവുമായ സിനിമാപ്പേരുകൾ, അത്തരമൊരു തിരഞ്ഞെടുപ്പ് മനഃപൂർവം നടത്തുന്നതാണോ?

വളരെ സ്വതസിദ്ധമായി ഇട്ട പേരാണ് ഒരു ഹലാൽ ലൗ സ്റ്റോറി. സുഡാനി ഫ്രം നൈജീരിയ, കാക്ക ഇവയെല്ലാം തന്നെ വ്യത്യസ്തമായ പേരുകളാണ്. സിനിമകൾക്ക് ഇങ്ങനെ പേരിടുന്നത് എനിക്ക് വളരെ താത്പര്യമുളള കാര്യമാണ്. വേഡ്സ് പ്ലേ എനിക്ക് ഇഷ്ടമാണ്.

ഈ പേരുകളെല്ലാം തന്നെ ലളിതമാണ്. പക്ഷേ ഇത് കാണുന്ന പ്രേക്ഷകർക്ക് സിനിമയെ കുറിച്ച് ഒരു ആകാംക്ഷയുണ്ടാകും.  അതെന്താണെന്നറിയാനുളള ആകാംക്ഷ. അതുതന്നെയാണല്ലോ ഇത്തരം ടൈറ്റിലുകളുടെ ധർമ്മവും. ഹലാൽ ലൗ സ്റ്റോറി എന്ന പേര് സിനിമയുടെ കഥ കേട്ടയുടൻ തന്നെ മനസ്സിൽ നിന്നു വന്നതാണ്.

റൈറ്റിംഗ് കമ്പനിയെ കുറിച്ച്?

വേഗത്തിൽ കൂടുതൽ  തിരക്കഥകളെ ഉത്പാദിപ്പിക്കുന്നതിനുളള ശ്രമഫലമായാണ് ഈ റൈറ്റിംഗ് കമ്പനി തുടങ്ങിയത്. പാരലലായി കൂടുതൽ പ്രോജക്ടുകൾ ചെയ്യുക എന്ന ചിന്തയിൽ നിന്ന് ഉത്ഭവിച്ച ഒരു പ്രസ്ഥാനം. എന്നാൽ തിരക്കഥ മാത്രമല്ല. എഴുത്തുമായി ബന്ധപ്പെട്ട എല്ലാം ചെയ്യാം എന്ന കൺസപ്റ്റിലേക്ക് പിന്നീട് എത്തുകയായിരുന്നു.

അതിന്റെ ഭാഗമായാണ് കോഴിപങ്കും എത്തിയത്. ഇപ്പോൾ പത്തോളം ട്രാക്കുകളുടെ പണിപ്പുരയിലാണ് ഞങ്ങൾ. സിനിമകളും വെബ്സീരീസുകളും പ്ലാൻ ചെയ്യുന്നുണ്ട്. പതുക്കെ നിർമ്മാണ പങ്കാളിയായി പ്രൊഡക്ഷൻ രംഗത്തേക്കും എത്തും.

ജ്യോതിസ് മേരി ജോൺ 

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം