പ്രമേയപരമായും ആഖ്യാനപരമായും അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമയാണ് നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’.
മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. പരമ്പരാഗത നന്മ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ വേറിട്ടൊരു വേഷം മുകുന്ദൻ ഉണ്ണിയിലൂടെ കാണാൻ സാധിച്ചു. സംവിധാനത്തിലെ കയ്യടക്കവും മികച്ച എഡിറ്റിംഗും ആണ് സിനിമയെ മികച്ചതാക്കി നിർത്തിയതിൽ പ്രധാന ഘടകം.
ഇന്ന് മുകുന്ദൻ ഉണ്ണി അസ്സോസിയറ്റ്സ് റിലീസ് ചെയ്തിട്ട് ഒരു വർഷം തികയുകയാണ്. സിനിമയുടെ ഒന്നാം വാർഷികത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അഭിനവിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിനിടെ തിരക്കഥ പൂർത്തിയായികൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.
“ഇന്ന് എന്റെ ആദ്യ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഒരു വർഷം തികയുന്നു. എന്റെ ടീമിനെ കൂടാതെ, പ്രേക്ഷകർക്ക്, പ്രത്യേകിച്ച് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ലെറ്റർബോക്‌സ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ സിനിമയെ കുറിച്ച് സംസാരിച്ചവർക്കും യൂട്യൂബ് നിരൂപകർക്കും സിനിമാപ്രവർത്തകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്.
മുന്നോട്ട് പോകുമ്പോൾ, എന്റെ അടുത്ത സംവിധാനം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് തികഞ്ഞ സന്തോഷമുണ്ട്. അദ്ദേഹം ഒരു മികച്ച നിർമ്മാതാവാണ്, പ്രേക്ഷകർക്കായി ശരിക്കും സവിശേഷമായ എന്തെങ്കിലും സൃഷ്‌ടിക്കാൻ എപ്പോഴും ഒരു അധിക ദൂരം പോകുന്നു, ഒപ്പം ആവേശകരമായ ഒരു പുതിയ യാത്രയ്‌ക്കായി അദ്ദേഹത്തോടൊപ്പം കൈകോർക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ചിത്രം ഇപ്പോഴും സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സമയമായിട്ടില്ല. പക്ഷേ, എന്റെ ആദ്യ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ എന്റെ രണ്ടാമത്തേത് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പിക്കാം.” സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അഭിനവ് സുന്ദർ നായക് ഇങ്ങനെ പറയുന്നു.
ആനന്ദം. ഗോദ, കുരങ്ങു ബൊമൈ തുടങ്ങീ സിനിമകളുടെ എഡിറ്റർ കൂടിയാണ് അഭിനവ് സുന്ദർ നായക്.