സംഗീതത്തെപ്പറ്റി അറിവില്ലാത്തവരാണ് ‘വരാഹ രൂപത്തെ’ വിമര്‍ശിക്കുന്നതെന്ന് സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥ്. നിരവധി ഹിറ്റുകള്‍ ഒരുക്കിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദു:ഖകരമാണ്. ആളുകള്‍ എന്ത് പറഞ്ഞാലും പാട്ട് കോപ്പിയല്ലെന്ന് തനിക്കറിയാം, സമാനത സ്വാഭാവികം മാത്രമാണെന്നുമാണ് അജനീഷ് പറയുന്നത്. അതുപോലെയാണ് വരാഹ രൂപം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തുടക്കത്തില്‍ എനിക്ക് നല്ല വിഷമമായിരുന്നു. ഇത്രയധികം വര്‍ഷം ജോലി ചെയ്യുകയും, നിരവധി ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തു. അതിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകളും ലഭിച്ചു. ശേഷം എനിക്ക് നേരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ തളര്‍ത്തി.
വരാഹ രൂപത്തിന്റെ കാര്യത്തില്‍ അവര്‍ പറയുന്ന ആ പാട്ടിനോട് ചിലപ്പോള്‍ സമാനത തോന്നിയിരിക്കാം. എന്നാല്‍ അത് കോപ്പിയല്ല എന്ന് എനിക്ക് അറിയാമല്ലോ. ഗോവന്‍ സംഗീതത്തിന് ശ്രീലങ്കയുടേതുമായി വളരെ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
കര്‍ണാടക സംഗീതത്തിലെ രാഗത്തെ ആസ്പദമാക്കിയുള്ളതാണ് വരാഹ രൂപം. അവരുടേതുമായി തീര്‍ത്തും വ്യത്യസ്തമാണ് എന്റേത്. ഞാനൊരു ശിവ ഭക്തനാണ്, അജനീഷ് ലോക്‌നാഥ് പറഞ്ഞു. കാന്താരയില്‍ അജനീഷിന്റെ അസോസിയേറ്റ് ആയിരുന്ന ബോബി സി ആര്‍, മ്യൂസിക്കോളജിസ്റ്റുകള്‍ വരാഹ രൂപം കോപ്പിയല്ലെന്ന് സ്ഥിരീകരിച്ചതായി അവകാശപ്പെടുന്നുണ്ട്.