ഗ്രാമി പുരസ്‌കാരം കേരളത്തിലേക്കോ? ആവേശത്തിലെയും മഞ്ഞുമ്മലിലെയും സംഗീതം അവാര്‍ഡിനായി സമര്‍പ്പിച്ച് സുഷിന്‍ ശ്യാം

ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്.

ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ സുഷിന്‍ തന്നെയാണ് പങ്കുവച്ചത്. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രെന്‍ഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്സിലെയും. ഒപ്പം ഇരുസിനിമകള്‍ക്കും സുഷിന്‍ നല്‍കിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Sushin Shyam (@sushintdt)

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെ സുഷിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. നിലവില്‍ ബോഗയ്ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സുഷിന്‍ സംഗീതം നല്‍കിയ ‘സ്തുതി’, ‘മറവികളെ’ എന്നീ രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

Read more