പ്രണയം എല്ലാക്കാലത്തും നിരവധി കലാസൃഷ്ടികൾക്ക് കാരണമായിട്ടുണ്ട്. സിനിമ, സാഹിത്യം, നാടകം, ചിത്രകല തുടങ്ങീ എല്ലാത്തരം കലാരൂപങ്ങളിലും നമ്മുക്ക് പ്രണയത്തെ അതിന്റെ പലവിധ രൂപങ്ങളിൽ കാണുവാൻ സാധിക്കും.
പ്രേക്ഷകരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ സിനിമ എല്ലാകാലത്തും പ്രണയങ്ങളെ അതിന്റെ വിവിധ രൂപഭാവങ്ങളിൽ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളത്തിൽ പി പത്മരാജൻ സംവിധാനം ചെയ്ത ദേശാടനകിളി കരയാറില്ല എന്ന ചിത്രം ഒരു ലെസ്ബിയൻ സിനിമയെന്ന രീതിയിലുള്ള വായനകൾ പിന്നീട് വന്നെങ്കിലും വുമൺഹുഡ് എന്ന വികാരത്തെയാണ് ചിത്രം കൂടുതൽ ചർച്ച ചെയ്തത് എന്ന അഭിപ്രായങ്ങളും സിനിമയ്ക്ക് ലഭിച്ചിരുന്നു.
എന്നാൽ 1978ല്‍ മോഹന്‍ സംവിധാനം ചെയ്ത ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന ചിത്രമാണ് സ്വവര്‍ഗ്ഗ പ്രണയം കൈകാര്യം ചെയ്ത ആദ്യ മലയാള സിനിമ. വി ടി നന്ദകുമാര്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയത്.
ഒരേ സ്‌കൂളില്‍ പഠിക്കുന്ന കോകില, ഗിരിജ എന്നീ പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശോഭ, അനുപമ മോഹന്‍, വിധു ബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടാതെ ലിജി പുല്‍പള്ളി സംവിധാനം ചെയ്ത് 2004- ൽ പുറത്തിറങ്ങിയ സഞ്ചാരം, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ, ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതൽ എന്നീ സിനിമകളും സ്വവർഗ്ഗ പ്രണയം ചർച്ച ചെയ്ത മലയാള സിനിമകളാണ്.
ക്വിയർ പ്രണയങ്ങളെ ലോക സിനിമയിൽ അവതരിപ്പിക്കുന്നത് കണ്ടിരിക്കാൻ തന്നെ മനോഹരമാണ്. സമൂഹത്തിന്റെ സദാചാരബോധത്തെ പേടിക്കാതെ നിരവധി സൃഷ്ടികൾ ലോക സിനിമയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്.
ബ്ലൂ ഈസ് ദി വാമെസ്റ്റ് കളർ, എലിസ ആന്റ് മാഴ്സെല, വോങ്ങ് കർ വായ് യുടെ ഹാപ്പി ടുഗദർ, മൂൺ ലൈറ്റ്, പെയ്ൻ ആന്റ് ഗ്ലോറി തുടങ്ങീ നിരവധി ചിത്രങ്ങൾ ലോക സിനിമയിൽ ക്വിയർ പ്രണയങ്ങളെ അവതരിപ്പിച്ചിട്ടുള്ളതാണ്.
അത്തരത്തിൽ മനോഹരമായൊരു ലെസ്ബിയൻ പ്രണയ ചിത്രമാണ് സെലിൻ സിയമ സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ‘പോർട്രൈറ്റ് ഓഫ് എ ലേഡി ഓൺ ഫയർ’. മറിയൻ എന്ന ചിത്രകാരി ഹെലോയിസ് എന്നെ സ്ത്രീയുടെ ഛായാചിത്രം വരയ്ക്കാൻ എത്തുന്നതും തുടർന്ന് അവർ തമ്മിലുണ്ടാവുന്ന സ്നേഹത്തിന്റെയും വ്യക്തിബന്ധങ്ങളിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുടെയും കഥയാണ് സിനിമ സംസാരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ അരങ്ങേറുന്ന സിനിമ മനോഹരമായൊരു സിനിമാറ്റിക് അനുഭവം കൂടിയാണ്. ആ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും, ക്വിയർ പാം പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
എലിയോയും ഒലിവറും തമ്മിലുള്ള മനോഹരമായ ഗേ പ്രണയകഥ സംസാരിച്ച ചിത്രമാണ് ലൂക്കാ ഗ്വാഡനിനോ സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ‘കോൾ മീ ബൈ യുവർ നെയിം’. ആന്ദ്രെ അക്കിമാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.
എലിയോയുടെ വീട്ടിലേക്ക് ആർക്കിയോളജി പ്രൊഫസർ ആയ അവന്റെ അച്ഛന്റെ വിദ്യാർത്ഥിയായ ഒലിവർ അവധിക്കാലമാഘോഷിക്കാൻ എത്തുന്നതും, എലിയോയും ഒലിവറും തമ്മിൽ ഉടലെടുക്കുന്ന സൌഹൃദവും അത് പതിയെ പ്രണയത്തിലേക്ക് മാറുന്നതും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒരു ഗേ ചിത്രം എന്നതിലുപരി, മനുഷ്യന്റെ ആഗ്രഹങ്ങളും അത് നമ്മൾ സ്വയം മറച്ചുപിടിക്കാൻ ശ്രമിക്കുന്നതിനെയും പറ്റിയാണ് താൻ സിനിമയിലൂടെ സംസാരിക്കാൻ ശ്രമിച്ചത് എന്നാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്, എന്നിരുന്നാലും ഏറ്റവും മികച്ച ക്വിയർ സിനിമകളിൽ എന്നും മുൻപന്തിയിലാണ് കോൾ മീ ബൈ യുവർ നെയിം. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
അതിമനോഹരമായി ക്വിയർ പ്രണയം സംസാരിച്ച മറ്റൊരു ചിത്രമാണ് സൈം സാദിഖ് സംവിധാനം ചെയ്ത ‘ജോയ്ലാന്റ്’ എന്ന പാകിസ്ഥാൻ ചിത്രം. പാകിസ്ഥാനിലെ പിതൃകേന്ദ്രീകൃതമായ ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും കഥ പറയുന്ന ചിത്രം കഥാപാത്രങ്ങളുടെ വിവധ മാനസിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്നു.
വിവാഹം കഴിഞ്ഞിട്ടും ജോലി ഒന്നും ലഭിക്കാത്തതിനാൽ വീട്ടിലെ ജോലികൾ ചെയ്തും പിതാവിനെ നോക്കിയും സമയം ചെലവഴിക്കുന്ന ഹൈദർ വീട്ടുക്കാർ അറിയാതെ ഈറോട്ടിക് ഡാൻസ് തിയേറ്ററിൽ ഡാൻസർ ആയി ജോലിക്ക് കയറുകയും അവിടെ വെച്ച് ബിബ എന്ന ട്രാൻസ് വുമണുമായി പ്രണയത്തിലാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2022-ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പാകിസ്ഥാന്റെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു ചിത്രം. കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരവും, ക്വിയർ പാം പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
2016-ൽ പുറത്തിറങ്ങിയ കൊറിയൻ ത്രില്ലർ ചിത്രമാണ് ദി ഹാൻഡ്മെയ്ഡൻ. ഒരു ലെസ്ബിയൻ ചിത്രം എന്നതിലുപരി മികച്ചൊരു ത്രില്ലർ ചിത്രം കൂടിയാണ് പാർക്ക് ചാൻ വൂക്ക് സംവിധാനം ചെയ്ത ഹാൻഡ്മെയ്ഡൻ.
ഒരുപാട് സ്വത്തുക്കളുടെ അവകാശിയായ ഫിദോക്കെ എന്ന സ്ത്രീയെ പ്രണയം നടിച്ച് സ്വത്തുക്കൾ കൈവശപ്പെടുത്താൻ വരുന്ന നായകനും പെൺസുഹൃത്തുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ചിത്രം, ഗംഭീരമായ ട്വിസ്റ്റുകൾ കൊണ്ടും മികച്ച പ്രണയ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ്. ചിത്രം ആ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
പ്രണയമെന്നത് ഒരിക്കലും ബൈനറിയായ ഒരു വികാരമല്ലെന്നും അതിന് ലിംഗഭേദമന്യേ വിവിധ തലങ്ങളും, രാഷ്ട്രീയവും നിലനിൽക്കുന്നുണ്ടെന്നും ഇത്തരം സിനിമകളിലൂടെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നു എന്നത് തന്നെയാണ് സിനിമ എന്ന മാധ്യമത്തിന്റെ ശക്തി