മക്കള്‍ സെല്‍വന്‍ ചിത്രത്തില്‍ നിന്ന് നാദിയ മൊയ്തു പിന്മാറി

ആരാധകര്‍ കാത്തിരിയ്ക്കുന്ന മക്കള്‍ സെല്‍വന്‍ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. വിജയ് സേതുപതി ശില്‍പ്പ എന്ന ഭിന്നലിംഗക്കാരന്റെ വേഷത്തിലെത്തുന്ന ഈ സിനിമയില്‍ ഒരു സുപ്രധാന വേഷത്തില്‍ മുതിര്‍ന്ന നടി നാദിയയുണ്ടായിരുന്നു എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാദിയ ചിത്രത്തില്‍ നിന്നു പിന്‍മാറി. പകരം ബാഹുബലിതാരം രമ്യകൃഷ്ണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് വളരെപ്പെട്ടെന്ന് ഈ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായതെന്ന് വ്യക്തമാക്കാന്‍ നടി തയ്യാറായില്ല .

ആരണ്യകാണ്ഡം എന്ന ആദ്യചിത്രത്തിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ആദ്യം അനീതികഥകള്‍ എന്നായിരുന്നു സംവിധായകന്‍ തന്റെ ചിത്രത്തിന് ഇട്ട പേര് പിന്നീട് അത് സൂപ്പര്‍ ഡീലക്‌സ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാമന്തയാണ് വിജയ് സേതുപതിയുടെ നായികയായെത്തുന്നത്.

യുവാന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത നാലു നിര്‍മ്മാതാക്കളുണ്ടെന്നുള്ളതാണ്.