ഇന്ത്യൻ സിനിമയുടെ വിസ്മയം..; ഗംഭീര റിപ്പോർട്ടുകളുമായി 'കൽക്കി 2898 എഡി'

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Image

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

മലയാളത്തിൽ നിന്നും അന്ന ബെൻ, ശോഭന എന്നിവരും ചിത്രത്തിലുണ്ട്. കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്.  വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.