നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹനിശ്ചയം എന്നാണ് വിവരങ്ങള്‍. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വേക്കഷന് അടക്കം ഇരുവരും ഒന്നിച്ച് പോയ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും.
വിവാഹശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേര്‍ത്തിരുന്നു. ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമായത്.
ഒടുവില്‍ എല്ലാത്തിനും അവസാനമിട്ട് സംയുക്തമായാണ് രണ്ടുപേരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ബോളിവുഡ് താരമായ ശോഭിത മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിലെ നായിക വേഷം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.