വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വധുവിന് അനുഗ്രങ്ങള്‍ നേര്‍ന്നുള്ള മംഗളസ്‌നാനം ഉള്‍പ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം. കുടുംബത്തിനൊപ്പമാണ് ഈ ചടങ്ങുകള്‍.
ഓഗസ്റ്റ് 8ന് ആയിരുന്നു സോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാകും വിവാഹം. അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങാന്‍ നാഗചൈതന്യ തീരുമാനിക്കുകയായിരുന്നു.
അന്നപൂര്‍ണയില്‍ നടന്ന എഎന്‍ആര്‍ നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ ശോഭിത അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ 2021 ഒക്ടോബറിലാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.
അതേസമയം, നാഗചൈതന്യ-ശോഭിത വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്റിയായി എത്തും. നയന്‍താരയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് നാഗചൈതന്യയ്ക്കും ശോഭിതയ്ക്കും ലഭിച്ചിരിക്കുന്നത്. വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കാന്‍ നിരവധി ഒ.ടി.ടി കമ്പനികള്‍ നാഗചൈതന്യയെ സമീപിച്ചിരുന്നു. ഒടുവില്‍, നാഗചൈതന്യ-ശോഭിത വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി.
നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. എന്നാല്‍ നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹ വീഡിയോയ്ക്കായി 50 കോടിയാണ് നെറ്റ്ഫ്ളിക്സ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നയന്‍താരക്ക് ലഭിച്ചതിന്റെ ഇരട്ടി.