മലയാള സാഹിത്യത്തിലെ ഇതിഹാസങ്ങളിലൊരാളാണ് ടി. പത്മനാഭൻ. എഴുപത്തിയാറ് വർഷത്തെ സാഹിത്യ ജീവിതത്തിൽ കഥകൾ മാത്രമെഴുതിയ ടി. പത്മനാഭൻ ഇന്നും കഥകൾ എഴുതികൊണ്ടേയിരിക്കുന്നു.
ടി. പത്മനാഭന്റെ ജീവിതത്തെയും സാഹിത്യകൃതികളെയും ആസ്പദമാക്കി എഴുത്തുകാരനും, സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്ത് ഒരുക്കിയ ‘നളിനകാന്തി’ എന്ന ചിത്രം ഈ മാസമായിരുന്നു തിയേറ്ററുകളിലും ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശനത്തിനെത്തിയത്.
സംഗീതപ്രേമി കൂടിയായ ടി. പത്മനാഭന്റെ ജീവിതം സിനിമയായപ്പോൾ സംഗീതത്തിനും വളരെയേറെ പ്രാധാന്യം നൽകികൊണ്ടാണ് സുസ്മേഷ് ചന്ത്രോത്ത് ചിത്രമൊരുക്കിയിരിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സുദീപ് പാലനാട് സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ഇപ്പോഴിതാ ചിത്രത്തിലെ ‘ആകെയിരുട്ടാണ്… കർക്കിടരാവാണ്..’ എന്ന ഗാനം പുറത്തുവന്നിരിക്കുകയാണ്. അനഘ ശങ്കർ കലാമണ്ഡലമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
1931 ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭന്റെ ജനനം. കഥകൾ മാത്രമെഴുതി മലയാളസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്.
കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛൻ പുരസ്‌കാരവും വരെ നേടിയ സർഗ്ഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭൻ. ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേൾപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ സുസ്മേഷ് ചന്ത്രോത്ത് വരച്ചിടുന്നു.