ശ്യാം പ്രസാദ്
മലയാള സാഹിത്യത്തിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. എഴുപത്തിയാറ് വർഷത്തെ സാഹിത്യ ജീവിതത്തിൽ കഥകൾ മാത്രമെഴുതിയ ഒരാൾ ഏതൊരു സാഹിത്യപ്രേമിയെ സംബന്ധിച്ചും മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ്.
ഒരു കാര്യം ചിന്തിക്കാനോ, എഴുതാനോ കഴിയുമെങ്കിൽ അത് സിനിമയാക്കാനും സാധിക്കുമെന്ന് വിഖ്യാത ഫിലിംമേക്കർ സ്റ്റാൻലി കുബ്രിക്ക് പറഞ്ഞിട്ടുണ്ട്. കഥയെഴുതാൻ യോഗ്യമല്ലാത്ത ഒന്നും തന്നെ ലോകത്ത് നടക്കുന്നില്ലായെന്ന് ടി. പത്മനാഭനും പറയുന്നു.
ടി. പത്മനാഭന്റെ നിരവധി കഥകൾ മലയാളത്തിൽ സിനിമകളായിട്ടുണ്ടെങ്കിലും ആദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതകഥ, സിനിമ എന്ന ജനകീയ മാധ്യമത്തിലൂടെ പുറത്തുവരുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് അത്തരമൊരു ഉദ്യമത്തിന് മുതിരുമ്പോൾ അദ്ദേഹം തന്നെ പറയുന്ന ഒരു കാര്യമുണ്ട്, മറ്റ് രാജ്യങ്ങളിൽ സാഹിത്യകാരന്മാരുടെയും ചിത്രകാരന്മാരുടെയും ജീവിതം
സജീവമായി ഡോക്യുമെന്റ് ചെയ്ത് വെക്കപ്പെടുമ്പോൾ നമ്മുടെ രാജ്യത്ത് അതിന് ആരും മുതിരുന്നില്ല, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ഡോക്യുമെന്റേഷനുകൾ നന്നേ കുറവാണ് എന്ന്.
അത്തരമൊരു സാമൂഹിക വ്യവസ്ത്ഥിക്ക് മാറ്റം വരുത്തണമെന്ന ചിന്ത തന്നെയാണ് ‘നളിനകാന്തി’ എന്ന ഡോക്യു- ഫിക്ഷൻ സിനിമയിലൂടെ, ടി. പത്മനാഭൻ എന്ന കഥാകൃത്തിന്റെ ജീവിതം പറയാൻ സുസ്മേഷ് ചന്ത്രോത്തിനെ പ്രേരിപ്പിച്ചത്. അതിൽ അദ്ദേഹം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
ടി. പത്മനാഭൻ എന്ന എഴുത്തുകാരനെ മലയാളി മനസിലാക്കിയത് കഥകളിലൂടെ മാത്രമാണ്. എന്നാൽ കഥകൾക്കപ്പുറത്ത് കാർക്കശ്യക്കാരനായ, സദാസമയം ദേഷ്യപ്പെടുന്ന പത്മനാഭനാണ് യഥാർത്ഥത്തിൽ ഉള്ളതെന്ന ഒരു പൊതുബോധം മലയാളി വായനക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. അത്തരമൊരു പൊതുബോധ നിർമ്മിതിയെ നളിനകാന്തി എന്ന സിനിമ ഇല്ലാതെയാക്കുന്നു.
ഇവിടെ കാർക്കശ്യക്കാരനായ പത്മനാഭനെയല്ല പ്രേക്ഷകന് കാണാൻ സാധിക്കുന്നത്. പട്ടികളോടും, പൂച്ചകളോടും സഹജീവികളോടും സദാസമയം ഇണങ്ങി ജീവിക്കുന്ന, ഏകാന്തതയിലുള്ള ഒരു പത്മനാഭനെ കാണാൻ കഴിയും. വരയില്ലാത്ത കടലാസിൽ എഴുതി ശീലിച്ച തനിക്ക് എഴുത്തുമേശ എന്നുപറഞ്ഞ് പ്രത്യേകമൊരിടമില്ലെന്നും രണ്ടുമുറികളുള്ള കണ്ണൂരിലെ ആ ചെറിയ വീട്ടിലിരുന്ന് അദ്ദേഹം പറയുന്നു.
സമീപകാലത്ത് പ്രസ്സിദ്ധീകരിച്ചു വന്ന ഒരു കഥ താൻ ലെറ്റർപാഡ് മടിയിൽ വെച്ചാണ് എഴുതിയതെന്നും അദ്ദേഹം ഓർക്കുന്നു. ദൈവത്തിലും ജാതിയിലും മതത്തിലും വിശ്വസിക്കാത്ത പത്മനാഭൻ, ഭാര്യ മരിക്കുമ്പോൾ അവരുടെ ചിതാഭസ്മം തിരുനെല്ലിയിൽ കൊണ്ടുചെന്ന് ഒഴുക്കുന്നത് കൂടെ സഹായിയായി നിൽക്കുന്ന ഓട്ടോറിക്ഷാക്കാരൻ രാമചന്ദ്രനിലൂടെയാണ്. മകന്റെ സ്ഥാനത്ത് നിന്നുകൊണ്ട് കൂടിയാണ് അയാളത് ചെയ്യുന്നത്.
ടി. പത്മനാഭന്റെ മോണോലോഗുകൾ തന്നെയാണ് സിനിമയുടെ ആത്മാവ്. കണ്ടുശീലിച്ച ബയോപ്പിക്കുകൾക്കപ്പുറത്ത്, വൈകാരികപരമായി പ്രേക്ഷകനോട് സംവദിക്കാൻ അത്തരം മോണോലോഗുകൾക്ക് കഴിയുന്നുണ്ട്.
മോണോലോഗുകൾക്കപ്പുറത്ത്, എഴുത്തുലോകത്തിലെ കഥയും കഥാപാത്രങ്ങളും നളിനകാന്തിയിൽ കടന്നുവരുന്നു. പത്മനാഭനെ വായിക്കാൻ കേരളത്തിലേക്ക് വരുന്ന കാർത്തികും ലൈബ്രേറിയനും സിനിമ കാണുന്ന പ്രേക്ഷകന്റെ തന്നെ പ്രതിനിധികളായി മാറുന്നുണ്ട്. കൂടാതെ കേരളത്തിലെ ചിത്രകാലാരംഗത്ത് മികവ് തെളിയിച്ച ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ എന്നീ ആർട്ടിസ്റ്റുകളുടെ പെയിന്റിംഗുകളും സിനിമയിൽ കൃത്യമായൊരു കഥ പറച്ചിൽ രീതി പിന്തുടരുന്നു.
ഗൗരി, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻ സിംഗിന്റെ മരണം, നളിനകാന്തി, കാലഭൈരവൻ, കടൽ, ഹാരിസൺ സായ്‌വിന്റെ നായ, പെരുമഴ പോലെ, പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് തുടങ്ങീ കഥകളെല്ലാം തന്നെ തന്റെ വൈകാരിക പരിസരത്തുനിന്നും ഉദയം കൊണ്ടവയാണെന്ന് ടി. പത്മനാഭൻ പറയുന്നു.
പാചകം ഇഷ്ടപ്പെട്ടുന്ന മറ്റൊരു പത്മനാഭനെ ചിത്രത്തിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ തന്റെ രുചിയാണ് തന്റെ സാഹിത്യത്തിലും പ്രതിഫലിക്കുന്നതെന്ന് പത്മനാഭൻ അടിവരയിട്ട് പറയുന്നു. ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്ന, പട്ടികുട്ടികളെ ഓട്ടോയിൽ കൂടെകൊണ്ടുനടക്കുന്ന പൂച്ചകൾക്ക് വീട്ടിൽ വേണ്ടുവോളം സ്വാതന്ത്ര്യം നൽകുന്ന പത്മനാഭനിൽ ഒന്നും ആ കാർക്കശ്യം കാണാൻ സാധിക്കില്ല. എന്നാൽ പൂച്ചയെയും പട്ടിയെയും ഇഷ്ടപ്പെട്ടാതെ ഹോം നേഴ്സിനെ ജോലിയിൽ നിന്നും പറഞ്ഞുവിടുമ്പോൾ ഈ പറഞ്ഞ ‘കാർക്കശ്യം’ അവിടെ കാണാമെന്ന് മാത്രം.
സംഗീതപ്രേമി കൂടിയായ ടി. പത്മനാഭന്റെ ജീവിതം സിനിമയായപ്പോൾ സംഗീതത്തിനും വളരെയേറെ പ്രാധാന്യം നൽകികൊണ്ടാണ് സുസ്മേഷ് ചന്ത്രോത്ത് ചിത്രമൊരുക്കിയിരിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സുദീപ് പാലനാട് സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മനേഷ് മാധവന്റെ മനോഹരമായ സിനിമാറ്റോഗ്രഫിയും രംഗനാഥ് രവിയുടെ ശബ്ദ രൂപകല്പനയും നളിനകാന്തിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
ലൈബ്രേറിയനായി വന്ന അനുമോൾ അവതരിപ്പിച്ച കഥാപാത്രവും കാർത്തിക് എന്ന കഥാപാത്രവും ഇന്നത്തെകാലത്തെ വായനക്കാരുടെ പ്രതിനിധികൾ കൂടിയാണ്.
എപ്പോഴും മഴചാറികൊണ്ടിരിക്കുന്ന ആ ചെറിയ വീട്ടിലിരുന്ന് ടി. പത്മനാഭൻ ജീവിതം പറയുമ്പോൾ ഒരു മഴപെയ്തു തോർന്ന നനവ് കൂടിയാണ് സിനിമയവസാനിക്കുമ്പോൾ ലഭിക്കുന്നത്. ചില പോരായ്മകൾ നില നിൽക്കുമ്പോഴും ടി. പത്മനാഭൻ എന്ന കഥാകൃത്തിന്റെ ജീവിതം ഡോക്യുമെന്റ് ചെയ്യാൻ സാധിച്ചു എന്നത് തന്നെയാണ് നളിനകാന്തിയുടെ എക്കാലത്തെയും പ്രസക്തി. മുൻപ് ടി. കെ പത്മിനി എന്ന മലയാളി ചിത്രകാരിയുടെ ജീവിതം പ്രമേയമാക്കി ‘പത്മിനി’ എന്ന ചിത്രം ചെയ്ത സുസ്മേഷ് ചന്ത്രോത്ത് നളിനകാന്തിക്ക് വേണ്ടിയെടുത്ത പരിശ്രമങ്ങൾ ചെറുതല്ല. ആദ്യ കാഴ്ചയിൽ തന്നെ ഇത്തരമൊരു ഉദ്യമത്തിന് സമ്മതം നൽകാത്തിരുന്ന ടി. പത്മനാഭനെ പിന്നീട് പലപ്പോഴായി കണ്ടതിന് ശേഷം മാത്രമാണ് നളിനകാന്തി പിറവിയെടുക്കുന്നത്. കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ ടി. കെ ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തന്നോട് തന്നെ സത്യസന്ധത പുലർത്തേണ്ടതുണ്ട് എന്ന ഷേക്സ്പിയറുടെ വാചകത്തിൽ ടി. പത്മനാഭൻ പറഞ്ഞുനിർത്തുമ്പോൾ മനസിലൊരു നോവവശേഷിപ്പിച്ച് കടന്നുപോവുന്ന പത്മനാഭൻ കഥകൾ പോലെ സുസ്മേഷ് ചന്ത്രോത്തിന്റെ നളിനകാന്തിയും എന്തൊക്കെയോ ബാക്കിനിർത്തുന്നു.