ഇന്ത്യ എമ്പാടുമുള്ള തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി മുന്നേറുകയാണ് ഷാരൂഖ് നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്ഷന് നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശ്രീനഗറിലെ ഐനോക്സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരിക്കുകയാണ്.
ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്നാണ് മോദി പറഞ്ഞത്. ലോകസഭയില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പഠാനെതിരെ വലിയ രീതിയിലുളള ബോയ്‌കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും വന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്. പഠാന് നല്‍കുന്ന സ്‌നേഹത്തിന് ഷാറുഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതല്‍ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. കെജിഎഫ്2 ഹിന്ദിയുടെ കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത ചിത്രം, ഇനി മത്സരിക്കുന്നത് ബാഹുബലി2-നോടാണ്.
ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. നാല് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസ് കീഴടക്കിയിരുന്നു. 2018-ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. ബ്രഹ്‌മാസ്ത്രയില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.